വിലയും വലിപ്പവും കുറഞ്ഞ ഐഫോണ്‍ 5എസ്ഇ ആപ്പിള്‍ അവതരിപ്പിച്ചു. 5എസ്ഇ 16 ജി.ബി പതിപ്പിന് 399 ഡോളര്‍ (ഏകദേശം 26,000 രൂപ) ആണ് വില. 64 ജി.ബി പതിപ്പിന് 499 ഡോളര്‍ (ഏകദേശം 34,000 രൂപ) വരും. ഇന്ത്യയിലെത്തുമ്പോള്‍ വില 30,000നും 39,000നും ഇടയിലാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. നാല് ഇഞ്ച് ഐപിഎസ് സ്ക്രീനുള്ള 5 എസ്ഇയില്‍ 1.84 ജിഗാഹെര്‍ട്‌സ് 64 ബിറ്റ് രണ്ടുകോര്‍ എ9 പ്രോസറാണ് ഉപയോഗിച്ചിരിക്കുന്നത്.
ത്രീജിയില്‍ 10-14 മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 1642 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. സെല്‍ഫി എടുക്കുമ്പോള്‍ കൂടുതല്‍ തെളിച്ചം നല്‍കുന്ന റെറ്റിന ഫഌഷ്, ലൈവ് ഫോട്ടോ, 4കെ വീഡിയോ റെക്കോര്‍ഡിങ്, ഫിക്‌സഡ് ഫോക്കസ് സൗകര്യങ്ങളുള്ള 12 മെഗാപിക്‌സല്‍ ഐസൈറ്റ് പിന്‍കാമറ, 1.2 മെഗാപിക്‌സല്‍ ഫേസ്‌ടൈം മുന്‍കാമറ, ബഌടൂത്ത് 4.2, നവീകരിച്ച വൈ ഫൈ, പുതിയ മൈക്രോഫോണ്‍, പണമിടപാടിനുള്ള ആപ്പിള്‍ പേ തുടങ്ങി നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ് 5 എസ്ഇ. 4.7 ഇഞ്ചുള്ള ഐഫോണ്‍ 6എസ്, 5.5 ഇഞ്ചുള്ള ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്പനമാന്ദ്യം മറികടക്കുകയാണ് 5എസ്ഇയിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഐഫോണ്‍ 6ന്റെ 16 ജിബിക്ക് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ 32,000 രൂപയോളമാണ് വില.
ആപ്പിള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് ഏറെനാളായി കാത്തിരുന്ന എസ്ഇ അവതരിപ്പിച്ചത്.