വിശുദ്ധവാരത്തില്‍ കുരിശുമുടി കയറിയത് ലക്ഷങ്ങള്‍

rg-muthappanകാലടി: പൊന്നിന്‍ കുരിശുമല മുത്തപ്പോ പൊന്‍മല കയറ്റമെന്ന ശരണം വിളികള്‍ ഇടതടവില്ലാതെ ലക്ഷകണക്കിന് കണ്ഠങ്ങളില്‍നിന്നും ഉയര്‍ന്നപ്പോള്‍ മലയാറ്റൂര്‍ കുരിശുമുടി ഭക്തിയുടെ കൊടുമുടിയായി മാറി. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുരിശുമുടിയിലെത്തുന്ന വിശുദ്ധ വാരത്തില്‍ ഓശാന ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഈസ്റ്റര്‍ ദിനം വരെ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് കുരിശുമുടി കയറിയത്. താഴ്‌വാരത്തെ വിശുദ്ധ തോമാശ്ലീഹായുടെ കപ്പേളയിലും പീഡാനുഭവത്തിന്റെ പതിനാല് സ്ഥലങ്ങളിലും തീര്‍ത്ഥാടകര്‍ കത്തിച്ചുവച്ച മെഴുകുതിരികള്‍ കഴിഞ്ഞ ഒരാഴ്ചയായി അണഞ്ഞിട്ടില്ല.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ത്ഥാടക സംഘങ്ങള്‍ മരക്കുരിശുകളുമായി മല കയറുന്നു. പൊളളുന്ന വെയിലിലും കനത്ത മഴയിലും വിശ്വാസികള്‍ തീവ്രമായ പ്രാര്‍ഥനയോടെയാണ് മലകയറിയത്. ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് ഉപകാരസ്മരണയായി മുട്ടുകുത്തി മലകയറുന്നവരും വഴിപാടായി ചെറിയ പാറക്കല്ലുകള്‍ തലയില്‍വച്ച് കയറുന്നവരും ദൂര സ്ഥലങ്ങളില്‍നിന്ന് നടന്നുവന്ന് നഗ്നപാദരായി മലകയറുന്നവരും കുരിശുമുടി തീര്‍ത്ഥാടനത്തിലെ ഭക്തിയുടെ ആഴം വെളിവാക്കുന്ന കാഴ്ചകളായി. കാല്‍നടയായി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ തീര്‍ത്ഥാടക സംഘങ്ങളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാളും അധികമായിരുന്നു.

വര്‍ഷം മുഴുവന്‍ തീര്‍ഥാടനത്തിനായി സൗകര്യമൊരുങ്ങുന്ന കുരിശുമുടിയില്‍ വലിയ നോമ്പിന്റെ ആരംഭം മുതല്‍ നോമ്പുകാല തീര്‍ഥാടനത്തില്‍ പങ്കാളികളാകാന്‍ വിശ്വാസികള്‍ എത്തിത്തുടങ്ങിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍കൂട്ടി സജ്ജീകരിച്ചതിനാല്‍ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ മലകയറാന്‍ വിശ്വാസികള്‍ക്ക് സാധിച്ചു.

കുരിശുമുടിയിലും മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലും മണപ്പാട്ടുചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന വിമലഗിരി മേരി ഇമാക്കുലേറ്റ് പള്ളിയിലും ഉയിര്‍പ്പ് തിരുക്കര്‍മങ്ങളില്‍ തീര്‍ഥാടകരടക്കം നിരവധിപേര്‍ പങ്കെടുത്തു. പുലര്‍ച്ചെ കുരിശുമുടിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശുമുടി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സ്മിന്റോ ഇടശേരി, ഫാ. സെബാസ്റ്റ്യന്‍ തേക്കാനത്ത് എന്നിവര്‍ സഹകാര്‍മികരായി. സെന്റ് തോമസ് പളളിയിലെ (താഴത്തെ പളളി) തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോണ്‍ തേയ്ക്കാനത്ത് കാര്‍മികനായി. സഹവികാരി ഫാ. മെല്‍വിന്‍ ചിറ്റിലപ്പിളളി, ഫാ. ബാസ്റ്റിന്‍ കിഴക്കേറ്റം, ഫാ. ചാള്‍സ് കോറോത്ത് എന്നിവര്‍ സഹകാര്‍മികരായി. മലയാറ്റൂര്‍ താഴത്തെ പള്ളിയിലും കുരിശുമുടിയിലും പുതുഞായര്‍ തിരുനാളിന് 31ന് കൊടിയേറും. ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളിലാണ് പുതുഞായര്‍ തിരുനാള്‍ നടക്കുന്നത്. എട്ടാമിടം ആഘോഷിക്കുന്ന 10 വരെ കുരിശുമുടിയിലേക്ക് തീര്‍ഥാടകരുടെ തിരക്ക് ഇടതടവില്ലാതെ തുടരും.

Related posts