ന്യൂഡൽഹി: ഹവാല പണം വിദേശത്തേക്കു കടത്താൻ ശ്രമിച്ചതിന് പിടിയിലായ ജെറ്റ് എയർവേസ് എയർ ഹോസ്റ്റസ് ചങ്ങലയിലെ ചെറിയ കണ്ണി മാത്രമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ. 3.21 കോടി രൂപയുടെ അമേരിക്കൻ ഡോളർ കടത്താൻ ശ്രമിക്കുന്പോഴാണ് എയർ ഹോസ്റ്റസ് ദേവ്ഷി കുൽശ്രേഷ്ഠയെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്.
മുൻപ് എട്ടു തവണ ഇവർ ഹോങ്കോംഗിലേക്കു പണം കടത്തിയിരുന്നു. ഒരിടപാടിന് ഒരു ലക്ഷം രൂപയാണ് ഇവർക്ക് നൽകിയിരുന്ന പ്രതിഫലം. ഫോയിൽ പേപ്പറിൽ പൊതിഞ്ഞാണ് ഡോളർ കടത്താൻ ശ്രമിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നിനു ഡൽഹിയിൽനിന്നു ഹോങ്കോംഗിലേക്കു പുറപ്പെടാനൊരുങ്ങി നിന്ന വിമാനത്തിലാണ് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. എയർ ഹോസ്റ്റസുമാരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ദേവ്ഷി കുൽശ്രേഷ്ഠയുടെ ബാഗിൽനിന്നു ഡോളർ കണ്ടെടുത്തത്. ഹവാല ഇടപാടുകാരനായ അമിത് മൽഹോത്രയ്ക്കുവേണ്ടിയാണ് എയർ ഹോസ്റ്റസ് പണം കടത്തിയത്. ഇയാളും അറസ്റ്റിലായിട്ടുണ്ട്.
ഡൽഹിയിലെ ഇടപാടുകാരിൽനിന്നു മൽഹോത്ര ശേഖരിച്ച പണം ഹോങ്കോംഗിലേക്കു കടത്തിയശേഷം തിരികെ സ്വർണമായി രാജ്യത്തെത്തിക്കുകയായിരുന്നു പതിവ്. ആറുമാസം മുന്പു നടത്തിയ വിമാന യാത്രയിലാണു മൽഹോത്ര ദേവ്ഷി പരിചയപ്പെട്ടത്. മൽഹോത്രയുടെ ഡൽഹിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്നു ലക്ഷം രൂപയും 1600 ഡോളറും കണ്ടെടുത്തിട്ടുണ്ട്.