കരിങ്കുന്നം: ദമ്പതികളെ വീടുകയറി ആക്രമിച്ചു. കുണിഞ്ഞി കാഞ്ഞിരത്തുങ്കല്‍ ബിജു ജോസ് (39), ഭാര്യ സിജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കരിങ്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നില്‍. രണ്ടു വര്‍ഷം മുന്‍പ് കുടുംബവസ്തു വീതം വച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണം.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ബിജുവിന്റെ വീടിന് സമീപത്ത് കാറിലെത്തിയ സംഘം വീട്ടുമുറ്റത്ത് നിന്ന സിജിയെയാണ് ആദ്യം ആക്രമിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ ബിജുവിന് നേരെയാണ് പിന്നീട് ആക്രമണം നടന്നത്. കമ്പിവടി ഉപയോഗിച്ച് അടിച്ച് വീഴ്ത്തി. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് പ്രതികള്‍ ഓടിരക്ഷപെട്ടത്. കരിങ്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.