കരുത്താര്‍ജിച്ച് കാവിപ്പട! ത്രിപുരയില്‍ ബിജെപി അത്ഭുതം കാട്ടിയത് മുന്‍ കോണ്‍ഗ്രസുകാരന്റെ തലയില്‍ നിറഞ്ഞ ബുദ്ധി; ഒപ്പം ആദിവാസി ദളിത് പാര്‍ട്ടിയായ ഐപിഎഫ്‌ഐയുടെ സാന്നിധ്യവും

ത്രിപുരയില്‍ ബിജെപി പൂജ്യത്തില്‍ നിന്ന് വിസ്മയം തീര്‍ക്കുമ്പോള്‍ തന്ത്രങ്ങള്‍ തീര്‍ത്ത് സിപിഎമ്മിനെ തുരത്തിയത് ഒരു മുന്‍ കോണ്‍ഗ്രസുകാരനാണ്. അസാം സ്വദേശിയായ ഹിമന്ദ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഭാവി നേതാക്കളുടെ പട്ടികയിലെ തലയെടുപ്പുള്ള താരമായിരുന്നു. അസാം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയിയുടെ വലംകൈ.

2001 മുതല്‍ 2015 വരെ എംഎല്‍എയും മന്ത്രിയുമൊക്കെ ആയ വ്യക്തിത്വം. എന്നാല്‍ മക്കള്‍ രാഷ്ട്രീയത്തിന് ഗോഗോയി തുനിഞ്ഞപ്പോള്‍ ഹിമന്ദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. തൊട്ടടുത്ത വര്‍ഷം ബിജെപിയെ അസാമില്‍ ചരിത്രത്തിലാദ്യമായി ഭരണത്തിലെത്തിച്ചു.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുടെയും വിശ്വസ്തനായി മാറി. ത്രിപുര പിടിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ഷാ നീക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ആര്‍എസ്എസിനൊപ്പം ഹിമന്ദയെയും അഗര്‍ത്തലയിലേക്ക് അയച്ചു.

ഒറ്റയ്ക്ക് ഒരിക്കലും ഭരണം പിടിക്കാന്‍ ആകില്ലെന്ന തിരിച്ചറിവില്‍ കൂടെ കൂട്ടാവുന്നവരുമായി ആദ്യം ചര്‍ച്ച തുടങ്ങിയ ഹിമന്ദ എപിഎഫ്‌ഐയെ ഒപ്പംകൂട്ടി. ആദിവാസി മേഖലകളില്‍ സിപിഎമ്മിന് എന്നും വെല്ലുവിളി സമ്മാനിച്ചിരുന്ന എപിഎഫ്‌ഐ ഒപ്പം വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വവും ഉണര്‍ന്നു.

ഒപ്പം കോണ്‍ഗ്രസുകാരെ പിടിക്കാനുള്ള നീക്കങ്ങളും വിജയത്തിലേക്ക് നീങ്ങി. കോടികള്‍ വാരിയെറിയാന്‍ ഡല്‍ഹിയിലെ ബിജെപി നേതൃത്വം മത്സരിച്ചു. മണിക് സര്‍ക്കാര്‍ എന്ന ഒറ്റ തുരുത്തിലായിരുന്നു സിപിഎം അപ്പോഴും.

ബിജെപി ശക്തിയായി വരുന്നതറിഞ്ഞിട്ടും സര്‍ക്കാര്‍ തങ്ങളെ കാത്തോളുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. എന്നാല്‍ കോണ്‍ഗ്രസ് അല്ല ബിജെപിയെന്ന് തിരിച്ചറിയാന്‍ വൈകിയെന്ന് മാത്രം. സംസ്ഥാനം ഇതുവരെ കാണാത്ത കാടിളക്കിയുള്ള പ്രചരണം ബിജെപി നടത്തിയപ്പോള്‍ ലാളിത്യത്തിന് പ്രാധാന്യം നല്കുകയെന്ന തന്ത്രമാണ് സിപിഎം പുറത്തെടുത്തത്.

പഴയ ആളുകള്‍ സിപിഎമ്മില്‍ അടിച്ചുറച്ചു നിന്നപ്പോള്‍ ചെറുപ്പക്കാര്‍ ബിജെപിയിലേക്ക് ഒഴുകി. സ്ത്രീകളും കൂടുതല്‍ ബിജെപിയോട് അടുത്തു. ആദിവാസി മേഖലയില്‍ തങ്ങളുടേതായ സംഭാവന എപിഎഫ്‌ഐ ചെയ്തപ്പോള്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി. ബംഗാളില്‍ നിന്നും ആസാമില്‍ നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇറക്കിയതും ബിജെപി മുന്നേറ്റത്തിന് കാരണമായി.

കരുത്താര്‍ജിച്ച് കാവിപ്പട

ചാക്കിട്ടു പിടിക്കാന്‍ മിടുക്കരാണ് ബിജെപി. ഒരു രാത്രി കൊണ്ട് തൃണമൂല്‍ എംഎല്‍എമാരെ എല്ലാം ബിജെപി പാളയത്തില്‍ എത്തിച്ചാണ് അമിത് ഷായും കൂട്ടരും ത്രിപുരയില്‍ വിപ്ലവത്തിന് തുടക്കമിട്ടത്. ഭാവിയിലും ഇത്തരത്തില്‍ ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്.

പ്രത്യേകിച്ച് ബിജെപി കൂടുതല്‍ ശക്തരായ സ്ഥിതിക്ക്. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടതോടെ ബാക്കിയുള്ള കോണ്‍ഗ്രസ് നേതാക്കളും അഭയം തേടി ബിജെപിയിലേക്ക് ഒഴുകിയേക്കാം. മണിക് സര്‍ക്കാരിനപ്പുറം ജനകീയനായൊരു നേതാവില്ലെന്നത് സംസ്ഥാനത്ത് സിപിഎം നേരിടുന്ന വലിയ വെല്ലുവിളിയാണ്.

മാത്രമല്ല, ഇപ്പോഴും പരമ്പരാഗത രീതിയിലാണ് സിപിഎം ഇവിടെ പ്രവര്‍ത്തിക്കുന്നത്. മറുവശത്ത് ചെറുപ്പക്കാരുടെ വലിയൊരു നിര തന്നെ ബിജെപിയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഭാവിയില്‍ സിപിഎം അധികാരവും അണികളെയും പിടിച്ചുനിര്‍ത്താന്‍ വലിയരീതിയില്‍ അധ്വാനിക്കേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല.

അടിത്തറ നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

ഒരുകാലത്ത് ത്രിപുര കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു. രാജ്യമൊട്ടാകെ കോണ്‍ഗ്രസിനുണ്ടായ അപചയത്തിനു മുമ്പേ ത്രിപുരയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകാന്‍ തുടങ്ങിയിരുന്നു. നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുടെ കടന്നുവരവും സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെട്ടതും അതിനൊപ്പം പാര്‍ട്ടിയിലെ ഭിന്നിപ്പും ഇതിനു കാരണമായി.

ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടമായി. ഇനിയൊരു തിരിച്ചുവരവിന് കോണ്‍ഗ്രസ് വളരെയധികം ബുദ്ധിമുട്ടേണ്ടി വരും. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള നേതാക്കളില്ലെന്നതും ബൂത്ത് തലത്തില്‍ അണികള്‍ കൊഴിഞ്ഞു പോകുന്നതും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്.

ത്രിപുരയില്‍ വെറും രണ്ടു തവണ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തിയത്. ഹൈക്കമാന്‍ഡ് ഈ കൊച്ചു സംസ്ഥാനത്തിന് എത്രമാത്രം പ്രാധാന്യം നല്കുന്നുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തം. എന്തായാലും ത്രിപുരയുടെ രാഷ്ട്രീയത്തില്‍ ഇനി ചുവപ്പും കാവിയും നേര്‍ക്കുനേര്‍ ഉള്ള പോരാട്ടമാകുമെന്ന് വ്യക്തം.

Related posts