വെസ്റ്റ് ഇന്‍ഡീസിന് ഇരട്ടക്കിരീടം

sp-wendeesകോല്‍ക്കത്ത: കുട്ടിക്രിക്കറ്റിന്റെ ആകാശത്ത് കാലിപ്‌സോ സംഗീതം മുഴക്കി വെസ്റ്റ് ഇന്‍ഡീസ്. ട്വന്റി-20 ക്രിക്കറ്റില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് കിരീടം സ്വന്തമാക്കി. പുരുഷവിഭാഗത്തില്‍ അത്യന്തം ആവേശകരമായ മത്സരത്തില്‍ കരീബിയന്‍ കരുത്തിനു മുന്നില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടത് നാലു വിക്കറ്റിന്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട 19 റണ്‍സ് സ്വന്തമാക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടിവന്നത് നാലു പന്തുകള്‍ മാത്രമാണ്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ ഓവറിലെ നാലു പന്തും സിക്‌സര്‍ പറത്തിക്കൊണ്ട് കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ് വെസ്റ്റ് ഇന്‍ഡീസിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. അതുവരെ മത്സരം ഇംഗ്ലണ്ട് ജയിക്കുമെന്ന അവസ്ഥയായിരുന്നു. കേവലം 10 പന്തില്‍ 34 റണ്‍സാണ് ബ്രാത്‌വെയ്റ്റ് അടിച്ചുകൂട്ടിയത്. ബ്രാത്‌വെയ്റ്റിന്റെ ഇന്നിംഗ്‌സില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു.

66 പന്തില്‍ ഒമ്പതു ബൗണ്ടറിയും രണ്ടു പടുകൂറ്റന്‍ സിക്‌സറുമടക്കം 85 റണ്‍സ് വാരിക്കൂട്ടിയ മര്‍ലോണ്‍ സാമുവല്‍സിന്റെ ഇന്നിംഗ്‌സാണ് വിന്‍ഡീസ് വിജയത്തിന് അടിത്തറയായത്. സാമുവല്‍സാണ് മാന്‍ ഓഫ് ദ മാച്ച്. മാന്‍ ഓഫ് ദ ടൂര്‍ണമെന്റിന് വിരാട് കോഹ്്‌ലി അര്‍ഹനായി.സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 155. വെസ്റ്റ് ഇന്‍ഡീസ് 19.4 ഓവറില്‍ ആറിന് 161.കുട്ടിക്രിക്കറ്റില്‍ വിന്‍ഡീസിന് ഇതു രണ്ടാം ലോക കിരീടമാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇതോടെ വിന്‍ഡീസ് സ്വന്തമാക്കി. 2012ലും സാമുവല്‍സിന്റെ മികവിലായിരുന്നു വിന്‍ഡീസ് കിരീടത്തില്‍ മുത്തമിട്ടത്.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നായകന്‍ ഡാരന്‍ സമിയുടെ ബൗളര്‍മാര്‍ ആ തീരുമാനത്തിനു സാധൂകരണം നല്‍കിയത് 23 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു. സാമുവല്‍ ബദ്രി എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ അപകടകാരിയായ ജാസണ്‍ റോയിയെ ബൗള്‍ഡാക്കി. പിച്ചിലെ ആനുകൂല്യം മുതലാക്കി പന്തെറിഞ്ഞ ബദ്രി എതിരാളികളെ പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറില്‍ അലക്‌സ് ഹെയില്‍സിനെ പുറത്താക്കിക്കൊണ്ട് ആന്ദ്രെ റസല്‍ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം നല്‍കി. നായകന്‍ ഇയോന്‍ മോര്‍ഗനെയും പുറത്താക്കിയത് ബദ്രിയാണ്.

എന്നാല്‍, നാലാം വിക്കറ്റില്‍ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ ജോ റൂട്ടും ജയിംസ് ബട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. വേഗത്തില്‍ റണ്‍ കണെ്ടത്തിയ ഇരുവരും 6.4 ഓവറില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 36 പന്തില്‍ ഏഴു ബൗണ്ടറിയുടെ അകമ്പടിയില്‍ 54 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബട്‌ലര്‍ 22 പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 36 റണ്‍സ് നേടി. അവസാന ഓവറുകളില്‍ 14 പന്തില്‍ 21 റണ്‍സ് നേടിയ ഡേവിഡ് വില്ലിയും 12 റണ്‍സ് നേടിയ ജോര്‍ദാനുമാണ് ഇംഗ്ലണ്ടിനെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്.

വിന്‍ഡീസിനു വേണ്ടി ഡ്വെയ്ന്‍ ബ്രാവോയും ബ്രാത് വെയ്റ്റും മൂന്നു വിക്കറ്റ് വീതം നേടി. നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കിയ സാമുവല്‍ ബദ്രിയുടെ പ്രകടനം നിര്‍ണായകമായി.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ ജോ റൂട്ട് ബെന്‍ സ്‌റ്റോക്‌സിന്റെ കൈകളിലെത്തിച്ചു. അപ്പോള്‍ വിന്‍ഡീസിന്റെ സ്‌കോര്‍ ഒരു റണ്‍ മാത്രമായിരുന്നു. തൊട്ടുപിന്നാലെ അമ്പതാം ട്വന്റി-20 മത്സരത്തിനിറങ്ങിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലും വീണു. റൂട്ടിന്റെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച ഗെയ്ല്‍ സ്റ്റോക്‌സിനു പിടികൊടുക്കുകയായിരുന്നു. അധികം താമസിയാതെ ഇന്ത്യക്കെതിരായ മത്സരത്തിലെ ഹീറോ സിമ്മണ്‍സും പുറത്തായി. വില്ലിയുടെ പന്തില്‍ സിമ്മണ്‍സ് എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. നേരിട്ട ആദ്യപന്തില്‍ത്തന്നെ സിമ്മണ്‍സ് പുറത്തായത് വിന്‍ഡീസ് ആരാധകരെ ഞെട്ടിച്ചു.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന 2012 ലോകകപ്പ് ഫൈനലിലെ ഹീറോ മര്‍ലോണ്‍ സാമുവല്‍സും ഡ്വെയ്ന്‍ ബ്രാവോയും ചേര്‍ന്ന് വിന്‍ഡീസിനെ കരകയറ്റി. സാവധാനം തുടങ്ങിയ ഇരുവരും പിന്നീട് മികച്ച സ്‌ട്രോക് പ്ലേ കാഴ്ചവച്ചു. ഇതിനിടെ, സാമുവല്‍സിന്റെ ഔട്ട് അമ്പയര്‍ അനുവദിക്കാതെയിരുന്നത് വിന്‍ഡീസിനു നേട്ടമായി. സാമുവല്‍സ് മികച്ച സ്‌കോറിലൂടെ വിന്‍ഡീസിനെ മുന്നോട്ടു നയിച്ചു. മികച്ച രീതിയില്‍ മുന്നേറിയ ഈ കൂട്ടുകെട്ട് പൊളിച്ചത് റഷീദാണ്. ഷോട്ടിനു ശ്രമിച്ച ബ്രാവോയെ (25) റഷീദ് റൂട്ടിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ നായകന്‍ ഡാരന്‍ സമിക്കും(1) ആന്ദ്രെ റസലിനും(1) അധികം ആയുസ് ഉണ്ടായില്ല. ഡെത്ത് ഓവറുകളില്‍ വില്ലി പ്രകടിപ്പിക്കാറുള്ള മികവ് തുടര്‍ന്നു. രണ്ടു വിക്കറ്റും വില്ലി സ്വന്തമാക്കി.

എന്നാല്‍, ബ്രാത്‌വെയ്റ്റ് സാമുവല്‍സിന് കൂട്ടായെത്തിയതോടെ കഥ മാറി. അവസാന ഓവര്‍ വരെ മത്സരം കൈപ്പിടിയിലായിരുന്ന ഇംഗ്ലണ്ടിന്റെ കണ്‍മുന്നില്‍നിന്ന് കിരീടം വഴുതി മാറുകയായിരുന്നു. അവസാന ഓവര്‍ എറിയാന്‍ മിടുക്കുള്ള ബെന്‍ സ്‌റ്റോക്‌സ് മറ്റൊരു ലോകകിരീടം ഇംഗ്ലണ്ടിനു സമ്മാനിക്കുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. എന്നാല്‍, സംഭവിച്ചതു മറിച്ചായിരുന്നു. കൊലകൊമ്പനെപ്പോലെ നിലയുറപ്പിച്ച സ്റ്റോക്‌സിനു മുന്നിലേക്കെത്തിയ പന്തുകള്‍ ഒരോന്നായി ബൗണ്ടറിക്കു മുകളിലൂടെ പായിച്ച ബ്രാത് വെയ്റ്റ് അക്ഷരാര്‍ഥത്തില്‍ ഏവരെയും ഞെട്ടിക്കുകയായിരുന്നു. ഒടുവില്‍ വിജയം കൈപ്പിടിയിലൊതുക്കുമ്പോള്‍ ആകാശം ഞെട്ടുമാറുച്ചത്തില്‍ ഗാലറിയില്‍ കാലിപ്‌സോയുടെ മാസ്മരിക താളം മുറുകി. ഇംഗ്ലണ്ടിനു വേണ്ടി വില്ലി മൂന്നു വിക്കറ്റ് നേടി.

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട് ബാറ്റിംഗ്

ജാസണ്‍ റോയി ബി ബദ്രി 0, ഹെയില്‍സ് സി ബദ്രി ബി റസല്‍ 1, ജോ റൂട്ട് സി ബെന്‍ ബി ബ്രാത്‌വെയ്റ്റ് 54, മോര്‍ഗന്‍ സി ഗെയ്ല്‍ ബി ബദ്രി 5, ബട്‌ലര്‍ സി ബ്രാവോ ബി ബ്രാത്‌വെയ്റ്റ് 36, സ്‌റ്റോക്‌സ് സി സിമ്മണ്‍സ് ബി ബ്രാവോ 13, മൊയീന്‍ അലി സി രാംദിന്‍ ബി ബ്രാവോ 0, ജോര്‍ദാന്‍ നോട്ടൗട്ട് 12, വില്ലി സി ചാള്‍സ് ബിബ്രാത് വെയ്റ്റ് 21, പ്ലങ്കറ്റ് സി ബദ്രി ബി ബ്രാവോ 4, റഷീദ് നോട്ടൗട്ട് 4, എക്‌സ്ട്രാസ് 5

ആകെ 20 ഓവറില്‍ ഒമ്പതിന് 155

ബൗളിംഗ്

ബദ്രി 4-1-16-2, റസല്‍ 4-0-21-1, ബെന്‍ 3-0-40-0, ബ്രാവോ 4-0-37-3, ബ്രാത്‌വെയ്റ്റ് 4-0-23-3, സമി 1-0-14-0.

വെസ്റ്റ്് ഇന്‍ഡീസ് ബാറ്റിംഗ്

ചാള്‍സ് സി സ്‌റ്റോക്‌സ് ബി റൂട്ട് 1, ഗെയ്ല്‍ സി സ്‌റ്റോക്‌സ് ബി റൂട്ട് 4, മര്‍ലോണ്‍ സാമുവല്‍സ് നോട്ടൗട്ട് 85, സിമ്മണ്‍സ് എല്‍ബിഡബ്ല്യു ബി വില്ലി 0, ബ്രാവോ സി റൂട്ട് ബി റഷീദ് 25, റസല്‍ സി സ്‌റ്റോക്‌സ് ബി വില്ലി 1, സമി സി ഹെയ്ല്‍സ് ബി വില്ലി 2, ബ്രാത് വെയ്റ്റ് നോട്ടൗട്ട് 34, എക്‌സ്ട്രാസ് 9.

ആകെ 19.4 ഓവറില്‍ ആറിന്് 161.

ബൗളിംഗ്

വില്ലി 4-0-20-3, റൂട്ട് 1-0-9-2, ജോര്‍ദാന്‍ 4-0-36-0, പ്ലങ്കറ്റ് 4-0-29-0, റഷീദ് 4-0-23-1, സ്റ്റോക്‌സ് 2.4-0-41-0.

Related posts