കൊച്ചി/പള്ളുരുത്തി: മണ്ണുമാന്തി കപ്പലിടിച്ചതിനെ തുടർന്നു വെണ്ടുരുത്തി പാലത്തിൽ സൂക്ഷ്മ പരിശോധന നടത്തുന്നതിനു നേവിയുടെ അനുമതികാത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതർ. പാലത്തിൽ കപ്പൽ പല തവണ ഇടിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായതോടെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്നാണു അധികൃതർ സംശയിക്കുന്നത്.
ഇതിനായി കായലിൽ ഇറങ്ങിയുള്ള സൂക്ഷ്മമായ പരിശോധന ആവശ്യമുണ്ട്. വെണ്ടുരുത്തി പാലത്തിനു സമീപത്തായി നാവികസേനയുടെ കപ്പൽ നങ്കൂരമിട്ടിരിക്കുന്നതിനാൽ സുരക്ഷാകാര്യങ്ങൾ മുൻനിർത്തിയാണ് നേവിയുടെ അനുമതി തേടിയിട്ടുള്ളത്. തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. അനുമതി ലഭിച്ചാലുടൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
അപകടത്തെ തുടർന്ന് വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. പാലത്തിനു മുകളിൽനിന്നാണു പരിശോധന നടത്തിയത്. പരിശോധനയിൽ പാലത്തിന്റെ പൈൽ ക്യാപ് കോർണറിൽ കോണ്ക്രീറ്റ് പൊട്ടിയതായി കണ്ടെത്തിയിരുന്നു. എന്നാൽ പാലത്തിന്റെ അടിഭാഗത്ത് ഉൾപ്പെടെ കൂടുതൽ സൂക്ഷ്മമായ പരിശോധനകൾക്കായാണ് അധികൃതർ ഒരുങ്ങുന്നത്.
2013 ൽ ഇതേ പാലത്തിൽ കപ്പലിടിച്ചുണ്ടായ അപകടത്തെ തുടർന്നു മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ പാലത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നാണ് അധികൃതർ സംശയിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് കായലിൽ ഡ്രെഡ്ജിംഗ് ജോലി നടത്തിയിരുന്ന “ത്രിദേവ് പ്രേം’ എന്ന മണ്ണുമാന്തി കപ്പൽ പാലത്തിന്റെ ഏഴാമത്തെ തൂണിൽ ഇടിച്ചത്.
യന്ത്രം തകരാറിലായി നിയന്ത്രണം വിട്ട് ഒഴുകിയതിനെ തുടർന്നായിരുന്നു അപകടം. ഇടിച്ച കപ്പൽ പിന്നീട് നാവികസേനയുടെ ടഗ്ഗുകൾ എത്തി വലിച്ചു നീക്കിയിരുന്നു. നാവികസേനയ്ക്കു വേണ്ടി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മണ്ണുമാന്തി കപ്പലാണ് ഇടിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയുടേതാണ് മണ്ണുമാന്തി കപ്പൽ. പൊതുമരാമത്ത് വകുപ്പിന്റെ പരാതിയെ തുടർന്നു കപ്പൽ കന്പനിക്കെതിരേയും കപ്പിത്താനെതിരേയും ഹാർബർ പോലീസ് കേസെടുത്തിട്ടുണ്ട്.