കോട്ടയം ആരുടെ കോട്ടയാകും? വീണ്ടും വിജയംതേടി തിരുവഞ്ചൂര്‍, തിരിച്ചുപിടിക്കാന്‍ റെജി സഖറിയ; വെല്ലുവിളി ഉയര്‍ത്തി കരുണാകരന്‍

KTM-THIRUകോട്ടയം: ഇടതു വലതു ബിജെപി സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമായതോടെ കോട്ടയത്തെ പ്രചാരണത്തിനും ചൂടേറി.    വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കഴിഞ്ഞ തവണ നിസാര വോട്ടുകള്‍ക്കു കൈവിട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം സ്ഥാനാര്‍ഥി റെജി സഖറിയായും ശ്രമിക്കുമ്പോള്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും കനത്ത വെല്ലുവിളിയായണ് ബിജെപി സ്ഥാനാര്‍ഥി എം.എസ്. കരുണാകരന്‍ ഉയര്‍ത്തുന്നത്.

കഴിഞ്ഞ തവണ സിറ്റിംഗ് എംഎല്‍എയായിരുന്ന വി.എന്‍.വാസവനെ 711 വോട്ടുകള്‍ക്കാണ് അടൂര്‍ മണ്ഡലത്തില്‍ നിന്നുമെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. എന്‍.കെ. നാരായണന്‍ നമ്പൂതിരിയായിരുന്നു അന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ മണ്ഡലത്തില്‍ വാസവന്റെ പേരായിരുന്നു പരിഗണിച്ചിരുന്നെങ്കിലും ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെത്തുടര്‍ന്നാണ് റെജി സഖറിയ എന്ന യുവനേതാവിനെ പാര്‍ട്ടി രംഗത്തിറക്കിയത്.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാം അങ്കത്തിനിറങ്ങുന്ന കോട്ടയത്ത് താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. കോണ്‍ഗ്രസിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തര്‍ക്കത്തില്‍ കലാശിച്ചപ്പോഴും സീറ്റുറപ്പായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ ചുവരുകളെല്ലാം ബുക്ക്ഡ് ആക്കി കൈപ്പത്തി ചിഹ്നവും വരച്ചു കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ മണ്ഡലത്തില്‍ എല്ലായിടത്തും തിരുവഞ്ചൂരിനു വേണ്ടി ചുവരെഴുത്തുകളും പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലായിടത്തും നിശാ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ ക്യാമ്പുകളിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടെത്തി മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. ഇപ്പോള്‍ യുഡിഎഫ് ബുത്തു കമ്മിറ്റികള്‍ നടന്നു വരുകയാണ്. അടുത്ത ആഴ്ച നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സമുദായിക നേതാക്കളെയും കാണുന്ന തിരക്കിലാണ് ഇപ്പോള്‍ തിരുവഞ്ചൂര്‍. നാളെ മുതല്‍ ടൗണുകളില്‍ ഇറങ്ങി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കും.സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍ തന്നെ മണ്ഡലത്തില്‍ സിപിഎംസ്ഥാനാര്‍ഥി റെജി സഖറിയ സജീവമാണ്. യുവാക്കളോടൊപ്പമാണ് അദ്ദേഹം മണ്ഡലത്തില്‍ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലൊന്നാകെ റെജി സഖറിയായുടെ പോസ്റ്ററുകളും ചുവരെഴുത്തുകളും നിരന്നു കഴിഞ്ഞു. കുടുംബയോഗങ്ങളിലും മറ്റുമാണ് സ്ഥാനാര്‍ഥി കൂടുതലും ശ്രദ്ധിക്കുന്നത്.

ഇന്നലെ കോട്ടയത്ത് തെരഞ്ഞടുപ്പു കണ്‍വന്‍ഷനും നടന്നു. ഇന്നു മുതല്‍ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പല്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥി നേരിട്ടെത്തും. അഞ്ഞൂറോളം കുടുംബയോഗങ്ങളാണ് സിപിഎം നേതൃത്വം പ്ലാന്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയായിലും സജീവമായ സ്ഥാനാര്‍ഥിയാണ് റെജി. മണ്ഡലത്തിലെ വികസനം കപടമാണെന്നും എല്‍ഡിഎഫ് തുടങ്ങി വച്ച  വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക മാത്രമാണ് നടന്നതെന്നുമാണ് റെജി സഖറിയ പറയുന്നത്.

ബിജെപി സ്ഥാനാര്‍ഥി എം.എസ്. കരുണാകരന്‍ ബിഎംഎസ് തൊഴിലാൡസംഘടനയുടെ ദേശീയ നേതാവുകൂടിയാണ്. കരുണാകരനുവേണ്ടിയും മണ്ഡലത്തില്‍ ചുവരെഴുത്തുകളും പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു. തൊഴിലാളികള്‍ക്കിടിയിലുള്ള സ്വാധീനം വോട്ടാക്കിമാറ്റുവാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാര്‍ഥി. മണ്ഡലത്തിലുടനീളം കരുണകാരന് വ്യക്തിബന്ധങ്ങളുണ്ട്. ഇന്നു ബിജെപി ഓഫീസില്‍ ചോരുന്ന ഇലക്ഷന്‍ യോഗത്തിനു ശേഷം പ്രചാരണം കൂടുതല്‍ സജീവമാക്കുന്നതിനുള്ള ശ്രമത്തിലാണ് എം.എസ്. കരുണാകരന്‍.

വിജയപുരം, കുമാരനല്ലൂര്‍, കോട്ടയം ടൗണ്‍, നാട്ടകം, നട്ടാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോടകം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത യോഗങ്ങളും ബിജെപി നടത്തിക്കഴിഞ്ഞു. 78,048 പുരുഷ വോട്ടര്‍മാരും 83,042 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1,61,090 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. കോട്ടയം മുനിസിപ്പാലിറ്റി പൂര്‍ണമായും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. മുനിസിപ്പാലിറ്റിയും രണ്ടു പഞ്ചായത്തുകളും യുഡിഎഫാണ് ഭരിക്കുന്നത്.

Related posts