മംഗലംഡാം: മലയോരമേഖലകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം. മുന്‍വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്ത ചൂടും ജലക്ഷാമവുമാണ് ഇക്കുറി അനുഭവപ്പെടുന്നതെന്ന് കടപ്പാറ തളികക്കല്ലിലെ കൊട്ടാരത്തില്‍ ജെയിംസ് പറഞ്ഞു. പ്രകൃതിയിലെ അസ്വാഭാവികമായ മാറ്റത്തിന്റെ സൂചനകളാണിതെന്നാണ് മലയോരവാസികള്‍ ഭയപ്പെടുന്നത്. അതിവര്‍ഷമുണ്ടായ 2007 ലും കാലവര്‍ഷം തുടങ്ങാന്‍ വൈകി. പിന്നെ ശക്തമായ ഉരുള്‍പൊട്ടലും പേമാരിയുമായി കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് മലയോരവാസികള്‍ ഓര്‍ക്കുന്നു.
കടപ്പാറ തോട് വറ്റിവരണ്ട് വലിയ പാറക്കൂട്ടങ്ങളായി മാറി. തോട്ടില്‍ കുഴി കുത്തിയാലും വെള്ളം ഊറിവരാത്ത അവസ്ഥയാണെന്ന് നാട്ടുകാരനായ വേലു പറഞ്ഞു. കടപ്പാറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മലക്കുമുകളില്‍ തിപ്പിലിക്കയം ഭാഗത്തെ ചോലയിലാണ് ഇപ്പോള്‍ കുറച്ചെങ്കിലും വെള്ളമുള്ളത്. രണ്ടോ മൂന്നോ വീട്ടുകാര്‍ കൂടി ഇവിടെനിന്നും ഹോസ് വഴിയാണ് വെള്ളം എടുക്കുന്നത്. ഇതിനാല്‍ ചോലകളിലെല്ലാം നിറയെ ഹോസുകളാണ്. രണ്ടും മൂന്നും കിലോമീറ്റര്‍ മുകളിലുള്ള മലകളില്‍ നിന്നാണ് ഹോസിട്ട് പലരും കുടിവെള്ളം എടുക്കുന്നത്.
ചോലവെള്ളത്തിനായി ആവശ്യക്കാര്‍ കൂടിയതോടെ രണ്ട് ദിവസം കഴിയുമ്പോള്‍ ആദ്യം ഹോസിട്ടിരുന്ന ചോലയിലെ വെള്ളം വറ്റി പിന്നേയും മുകളില്‍ നിന്ന് വെള്ളം കൊണ്ടുവരണം. ഇതിനിടെ വെള്ളത്തിനായി വഴക്കും അടിപിടിയും സ്ഥിരം സംഭവങ്ങളായി മാറുന്നുണ്ട്. ഇനിയും വേനല്‍മഴ വൈകിയാല്‍ കുടിവെള്ളം കിട്ടാതെ പല കുടുംബങ്ങളും മലയിറങ്ങേണ്ടി വരും. കാട്ടുമൃഗങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നുണ്ട്. കുടിവെള്ളക്ഷാമം മൂലം ഇവിടുത്തെ റോഡ്പണികളും നിര്‍ത്തി വെയ്‌ക്കേണ്ട സ്ഥിതിയാണ്.