കോഴിക്കോട്: കാര്യം അഴിമതി തടയാനൊക്കെ… നല്ലതുതന്നെ.. പക്ഷെ, അടിസ്ഥാന സൗകര്യമില്ലാതെ പുതിയ പദ്ധതികള്ആവിഷ്കരിച്ചാൽ ഇങ്ങിനെയിരിക്കും.. ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു മാത്രമല്ല,ആളുകൾക്ക് ദുരിതവും സമ്മാനിക്കും. ഇതിന്റെ എറ്റവും പുതിയ ഉദാഹരണമാകുകയാണ് സംസ്ഥാനത്തെ റേഷന്‍ വിതരണം. നെറ്റ് വര്‍ക്ക് പ്രശ്നം അടിക്കടി ഉണ്ടാകുന്നത് റേഷന്‍ വിതരണത്തെ സാരമായി ബാധിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കാര്യക്ഷമവും കുറ്റമറ്റതുമാക്കാനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ഇ പോസ് സംവിധാനത്തിലെ പിഴവുകള്‍ മൂലമാണ് ഉപയോക്താക്കള്‍ ബുദ്ധിമുട്ടുന്നത്. റേഷന്‍ കടയില്‍ ആവശ്യത്തിന് സാധനങ്ങള്‍ ഉണ്ടെങ്കിലും അടിക്കടി ഉണ്ടാകുന്ന ഇന്റര്‍നെറ്റ് പ്രശ്നം മൂലം റേഷന്‍ വിതരണം സുഗമമായി നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഇതുമൂലം ഏപ്രിലിലെ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേയ് കഴിഞ്ഞാലും പറ്റാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്.കാര്‍ഡുടമകള്‍ക്കു മാത്രമല്ല റേഷന്‍ കടയുടമകള്‍ക്കും പുതിയ മെഷീന് ദുരിതമാണ് സമ്മാനിക്കുന്നത്. ഇ പോസ് മെഷീന് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യം നിര്‍ബന്ധമാണ് . സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ മുഴുവന്‍ സമയവും 3 ജി, 4 ജി സൗകര്യം ലഭിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. അത്തരം ഗ്രാമങ്ങളില്‍ റേഷന്‍ വാങ്ങാനെത്തുന്നവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്.
റേഷന്‍ കടകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ വന്‍ ജനക്കൂട്ടമാണ്.ഒരാളുടെ റേഷന്‍ സാധനങ്ങള്‍ നല്കാന് മാത്രം അര മണിക്കൂറിലധികം സമയം വേണ്ടിവരുന്നതായി കടയുടമകളും കാര്‍ഡുടമകളും പറയുന്നു. കാര്‍ഡുകള്‍ ഇ പോസ് യന്ത്രത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനായി ആധാര്‍ നമ്പറുള്ള കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗത്തിന്റെ വിരലടയാളം മെഷീനില്‍ പതിപ്പിക്കണം. എന്നാല്‍ പലരുടെയും ആധാര്‍ ലിങ്കാവുന്നില്ല.
ചിലരുടെ വിരലടയാളം മെഷീന് സ്വീകരിക്കുന്നില്ല. ഇതുമൂലം മണിക്കൂറുകളോളം കാത്തിരുന്ന് റേഷന്‍ സാധനങ്ങള്‍ കിട്ടാതെ തിരിച്ചു പോകേണ്ടി വരുന്നുണ്ട്. ദൂരദിക്കുകളില്‍ നിന്ന് റേഷന്‍ വാങ്ങാന്‍ വരുന്ന പ്രായമായവര്‍ക്കാണ് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.
ഏപ്രിലിലെ റേഷന്‍ വാങ്ങാന്‍ മേയ് പത്ത് വരെ സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതി ഇതാണെങ്കില്‍ മേയ് കഴിഞ്ഞാലും വിതരണം പൂര്‍ത്തിയാകില്ലെന്ന് റേഷന്‍ കടയുടമകള്‍ പറയുന്നു.
നെറ്റ് വര്‍ക്ക് ഇല്ലാത്ത സമയത്തും റേഷന്‍ വിതരണം ചെയ്യാനുള്ള സംവിധാനം ഇ പോസ് മെഷീനില്‍ ഒരുക്കിയാല്‍ മാത്രമേ കൃത്യമായി റേഷന്‍ വിതരണം നടത്താന്‍ കഴിയൂവെന്നാണ് ഇവര്‍ പറയുന്നത്.