ചേർപ്പ്: 1.69 കിലോ ഗ്രാം സ്വർണാഭരണങ്ങളുമായി ബംഗാൾ സ്വദേശികൾ നാടുവിട്ട സംഭവത്തിൽ രക്ഷപ്പെടാനായി ഉപയോഗിച്ച ഇരുചക്രവാഹനം കണ്ടടുത്തു. കഴിഞ്ഞ ശനിയാഴ്ചഅമ്മാടത്ത് കണ്ണേത്തു വീട്ടിൽ സാബു(42)വിന്റെ സ്വർണാഭരണശാലയിൽ നിന്നാണ് ബംഗാൾ സ്വദേശികളായ ജോലിക്കാരായ എസ്.കെ അമീർ അലി, അഫ്സൽ എന്നിവർ 34 ലക്ഷത്തോളം രൂപ വരുന്ന സ്വർണാഭരണങ്ങളുമായി നാടുവിട്ടത്.
സാബുവിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള ഇരുചക്ര വാഹനവും അവർ കൊണ്ടുപോയിരുന്നു. ഞായറാഴ്ച വൈകീട്ട് പാലക്കൽ മാർക്കറ്റിനു സമീപത്തു നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുൻവശത്തുനിന്നുമാണ് സ്കൂട്ടർ കണ്ടുകിട്ടുന്നത്.
വീടിനു സമീപത്തുള്ള കുട്ടികൾ ഇരുചക്രവാഹനം കാണുകയും വാഹനത്തിൽ നിന്നുലഭിച്ച ആർ.സി ബുക്കിന്റെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തിൽ സാബുവിന്റെ ഭാര്യാപിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ചേർപ്പ് എ.എസ്.ഐ ദിനേശിന്റെ നേതൃത്വത്തിൽ സ്കൂട്ടർ സ്റ്റേഷനിലെത്തിച്ചു.
പ്രതികൾക്കായുള്ള അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സ്വർണവുമായി കടന്നുകളഞ്ഞിട്ടുള്ളത് ബംഗാളി തൊഴിലാളികളായതിനാൽ ബംഗാൾ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. പോലീസ് ബംഗാളിലെത്തുമെന്ന് ഉറപ്പുള്ളതിനാൽ ഇവർ മറ്റു സംസ്ഥാനങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.ി