ന്യൂഡല്‍ഹി: കള്ളപ്പണക്കാരുടെ പട്ടികയുമായി രാജ്യത്തെ അമ്പരപ്പിച്ച പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്. ആദായനികുതി വകുപ്പാണ് അമിതാഭ് ബച്ചന് ഉള്‍പ്പെടെ പാനമ ലിസ്റ്റിലുള്ള 200 പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. വിദേശത്തെ കള്ളപ്പണവുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങള്‍ സഹിതമാണ് നോട്ടീസ്. 20 ദിവസത്തനകം മറുപടി നല്‍കാനാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിട്ടുള്ളത്. ഐശ്വര്യ റായിക്കും നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നറിയുന്നു. എന്നാല്‍ ബച്ചനോ ഐശ്വര്യയോ ഇതു സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്തെ പ്രമുഖര്‍ നികുതി വെട്ടിച്ച് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വിദേശത്ത് വെളുപ്പിച്ചെടുത്തതിന്റെ രേഖകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തായത്. പട്ടികയില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും പേരുകളാണുള്ളത്. വിദേശത്ത് വിവിധ ഫൗണ്ടേഷനുകളും ട്രസ്റ്റുകളും കമ്പനികളും ഉണ്ടാക്കിയാണ് തട്ടിപ്പ്.
പാനമയിലെ നിയമ-നിക്ഷേപ ഉപദേശക സ്ഥാപനമായ മൊസാക് ഫൊണ്‍സേകയുടെ ചോര്‍ന്ന രേഖകളിലൂടെയാണു വെട്ടിപ്പ് പുറത്തായത്. കമ്പനിയുടെ 115 ലക്ഷം രേഖകളാണ് പുറത്തെത്തിയിരിക്കുന്നത്. 1977 മുതല്‍ 2015 ഡിസംബര്‍ വരെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളുമുണ്ട്. 70 രാജ്യങ്ങളില്‍ നിന്നുള്ള 350 പത്രപ്രവര്‍ത്തകര്‍ രേഖകള്‍ പരിശോധന നടത്തിയിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നാലാം തവണയും നേടിയ അമിതാഭ് ബച്ചനു വിദേശത്തു കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരം പുറത്തു വരുന്നത്. 1995ല്‍ അമിതാഭ് ബച്ചന് കോര്പറേഷന് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങുന്നതിനു രണ്ടു വര്‍ഷം മുമ്പ് ബച്ചന് നാല് വിദേശ ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടറായിരുന്നു. മൊസാക് ഫൊണ്‍സെകയുടെ പുറത്തുവന്ന വിരങ്ങളനുസരിച്ചു നികുതി വെട്ടിപ്പിന് ഏറ്റവും നല്ലയിടങ്ങളായ ബ്രിട്ടീഷ് വര്‍ജിന്‍ ഐലന്‍ഡ്സിലും ബഹാമാസിലുമായി 1993ലാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
