തിരുവനന്തപുരത്ത് തരൂര്‍ ഗംഭീരമായി ജയിക്കും, വടകരയില്‍ പി. ജയരാജന്‍ കഷ്ടിച്ച് കടന്നുകൂടും, പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്, പിണറായി വിജയന്‍ മാധ്യമങ്ങളോട് അസ്വസ്ഥനായത് റിപ്പോര്‍ട്ട് കണ്ട് പുറത്തുവന്നപ്പോള്‍

തിരുവനന്തപുരത്തു ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തോല്‍ക്കുമെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്, വടകര മണ്ഡലങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിക്കു വയനാട്ടില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും.

സിപിഎം അഭിമാനപ്പോരാട്ടം നടത്തുന്ന വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമാണുള്ളത്. ഇവിടെ കഷ്ടിച്ച് ആയിരം വോട്ടിനു യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തോല്‍ക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍ഡിഎയുടെ കുമ്മനം രാജശേഖരനും എല്‍ഡിഎഫിന്റെ സി ദിവാകരനും ശക്തമായ പോരാട്ടമാണ് തിരുവനന്തപുരത്ത് കാഴ്ചവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അദ്ദേഹത്തിനു പാര്‍ട്ടി പിന്തുണ ഉറപ്പാക്കുകയായിരുന്നു. 1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്. ഏഴു നിയമസഭാമണ്ഡലങ്ങളില്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നിവിടങ്ങളില്‍ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. ആറു ശതമാനം ഹിന്ദുനാടാര്‍ സമുദായവും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts