കോട്ടയം: ഗര്‍ഭസ്ഥ ശിശു മരിച്ചത് ഡോക്ടറുടെ അനാസ്ഥയാണെന്നു പറഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബന്ധുക്കള്‍ ബഹളം വച്ചു. കുട്ടിയെ പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായില്ല. ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോഴും മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കാതെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. റാന്നി പുതുശേരിമല കുട്ടന്കുഴിയില് സിജു-സ്മിത ദമ്പതികളുടെ ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കു മുമ്പായി എടുത്ത കുത്തിവയ്പിനെ തുടര്‍ന്ന സ്മിതയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. പെട്ടെന്നു തന്നെ ഓപ്പറേഷന് തിയറ്ററില്‍ കയറ്റി കുഞ്ഞിനെ പുറത്തെടുത്തു. പക്ഷെ കുഞ്ഞ് മരിച്ചിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്്ടര്മാരല്ല സ്മിതയെ പരിശോധിച്ചതെന്നും ഡ്യൂട്ടി ഡോക്്ടര്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്ഥലത്തെത്തിയതെന്നു സ്മിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കുഞ്ഞു മരിച്ചതിന്റെ യഥാര്‍ഥ കാരണം അറിയാതെ കുഞ്ഞിനെ കൈപ്പറ്റില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി. സംഭവത്തെ തുടര്‍ന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. അതേ സമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആശുപത്രി അധികൃതരുട വിശദീകരണം ലഭിച്ചിട്ടില്ല.