വൈറസ് തളര്‍ത്തിയ രഞ്ജിത്തിനെ പഞ്ചകര്‍മവും ഫിസിയോ തെറാപ്പിയും കൈപിടിച്ചു നടത്തി: തൊടുപുഴ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്കിത് അപൂര്‍വ വിജയം

renjithസ്വന്തം ലേഖകന്‍

തൊടുപുഴ: ഒരു ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം ബാധിക്കുന്ന വൈറസ് രോഗം ബാധിച്ച്, ശരീരം തളര്‍ന്ന് മരണത്തിലേക്ക് നടന്നടുത്ത യുവാവിനെ പഞ്ചകര്‍മ ചികില്‍സയിലൂടെയും ഫിസിയോ തെറാപ്പിയിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന് തൊടുപുഴ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി പുതിയ ചരിത്രമെഴുതി.

ആദ്യം ശരീരം തളര്‍ച്ചയും പിന്നാലെ കോമയും ഏറ്റവുമൊടുവില്‍ മരണവും എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ രോഗത്തോടാണ് ആയുര്‍വേദം പടവെട്ടിയത്. അന്തിമവിജയം കുറിച്ചത് ആയുര്‍വേദമായിരുന്നു. കുരുതിക്കളം പെരുമ്പിള്ളിക്കാട്ടില്‍ രഞ്ജിത്താണ് (33) ആയുര്‍വേദ പഞ്ചകര്‍മ ചികില്‍സയിലൂടെ പുനര്‍ജനിച്ചത്.

ആയുര്‍വേദവും അലോപ്പതിയും ഫിസിയോ തെറാപ്പിയും സംയോജിച്ചുള്ള ചികിത്സാരീതിയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വ രോഗം ബാധിച്ച രഞ്ജിത്തിന് തുണയായത്. ഒരു ലക്ഷത്തില്‍ ഒരാള്‍ക്കു വീതം കണ്ടു വരുന്ന ഗില്ലന്‍ ബാരിസ് സിന്‍ഡ്രം എന്ന വൈറസ് രോഗമാണ് രഞ്ജിത്തിന് ബാധിച്ചത്. ലോറി ഡ്രൈവറായ രഞ്ജിത്തിന് 2014 മെയ് മാസത്തിലാണ് അസുഖം ബാധിക്കുന്നത്. ഡ്രൈവിംഗിനിടയില്‍ തളര്‍ച്ച തോന്നുകയും നാലു മണിക്കൂറിനുള്ളില്‍ ശരീരം പൂര്‍ണമായും  തളരുകയുമായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച് വിദഗ്ധ പരിശോധനകള്‍ക്കിടയിലാണ് വൈറസ് രോഗമാണെന്ന് കണ്ടെത്തിയത്. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുന്ന വൈറസ് ഞരമ്പ് വ്യൂഹത്തെ ബാധിച്ച് തലച്ചോറിലേയ്ക്കുള്ള സിഗ്നല്‍ ബന്ധത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ആദ്യം കൈകാലുകെളയും പിന്നീട് ശ്വാസകോശത്തെയും ബാധിക്കുന്ന വൈറസ് ഒടുവില്‍ രോഗിയെ കോമാ സ്‌റ്റേജിലേയ്ക്കും പിന്നീട് മരണത്തിലേയ്ക്കും തള്ളിവിടും. കോമാ സ്‌റ്റേജിലേയ്ക്ക് എത്തും മുന്‍പ് വൈറസ് കണ്ടെത്തിയതാണ് രഞ്ജിത്തിന് തുണയായത്.

രോഗം കണ്ടെത്തിയാല്‍ ചികിത്സാ മാര്‍ഗം ഉണ്ടെങ്കിലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് എങ്ങനെയെന്ന് വൈദ്യശാസ്ത്രത്തി് ഇതുവരെ അറിഞ്ഞുകൂടാ.  പനിയോ വയറിളക്കമോ ആണ് ലക്ഷണം. പ്ലാസ്മാ ഫെരിസിസ്, സ്റ്റിറോയിഡ് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് ചികിത്സാ രീതി.

ഗില്ലന്‍ ബാരിസ് സിന്‍ഡ്രത്തില്‍ പല രീതിയിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും രഞ്ജിത്തിനെ ബാധിച്ചത് ഗുരുതരമായതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈറസിനെ ശരീരത്തില്‍ നിന്നു കളഞ്ഞാലും തളര്‍ന്ന ശരീരം പൂര്‍വ സ്ഥിതിയിലാകാന്‍ സാധ്യത വിരളമാണെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സയ്ക്ക് ഭീമമായ തുകയും വേണം.

ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള വ്യായാമ മുറകളിലൂടെ വര്‍ഷങ്ങള്‍ കൊണ്ട് ശരീരം പൂര്‍വ സ്ഥിതിയിലാകാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് പഞ്ചകര്‍മ്മയും ഫിസിയോതെറാപ്പിയും ഇടകലര്‍ത്തി ചികിത്സ ആരംഭിച്ചത്. തൊടുപുഴ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ്മ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് വാര്യര്‍ ആത്മവിശ്വാസത്തോടെ ചികിത്സ ഏറ്റെടുത്തു. തൊടുപുഴ പ്രതീക്ഷാ ഭവനിലെയും റിലീഫ്  സെന്ററിലെയും ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാര്‍ വ്യായാമ മുറകള്‍ക്കു  നേതൃത്വം നല്‍കി.

കാലും കൈയും ചലിപ്പിക്കാന്‍ ശേഷിയില്ലാതെ ഒന്നര വര്‍ഷത്തോളം കിടന്ന രഞ്ജിത്ത് ഒടുവില്‍ പിച്ചവച്ച് ജീവിതത്തിലേക്ക് നടന്നു കയറുകയായിരുന്നു. ഡോ. സതീഷ് വാര്യരുടെ അര്‍പ്പണ ബോധവും തെറാപ്പിസ്റ്റ് കെ. സുമേഷിന്റെ കര്‍ശന വ്യായാമ മുറകളുമാണ് രജ്ഞിത്തിനെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്നത്.

80 ശതമാനത്തോളം പൂര്‍വസ്ഥിതിയിലായ രഞ്ജിത്ത് ആറു മാസത്തിനകം പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. അപൂര്‍വമായ രോഗം ബാധിച്ച് ജീവിതം തന്നെ ഇരുളിലായ ഒരു യുവാവിനെ കൈപിടിച്ചുയര്‍ത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഡോ. സതീഷ് വാര്യരും ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാറും.

Related posts