ആറാം മാസത്തിൽ ഗർഭഛിദ്രം നടത്താനുള്ള യുവതിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. കുട്ടിയിൽ അസ്വാഭാവികതയൊന്നുമില്ലെന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാഹിതയായ യുവതിയുടെ ആവശ്യം കോടതി നിരസിച്ചത്.
യുവതിയ്ക്ക് 26 ആഴ്ചയും പൂർത്തിയായിരുന്നു. ഗർഭഛിദ്രം അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിലെ സെക്ഷൻ 3, 5 എന്നിവയുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.
അമ്മയ്ക്ക് അപകടകരമായ സാഹചര്യമില്ലാത്തതിനാലും കുഞ്ഞിന് മറ്റ് കുഴപ്പങ്ങളില്ലാത്തതിനാലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് തടയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കഴിഞ്ഞ ഹിയറിംഗിൽ കോടതി ഉത്തരവിലൂടെ കുട്ടിയെ കൊല്ലാൻ അനുവദിക്കണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യത്തിലല്ലെന്നും യുവതി പറഞ്ഞു.