ന്യൂഡൽഹി: കോഡിംഗ് വേഗത്തിലാക്കാൻ “എഐ’ക്കു കഴിയുമോ? പുതിയ പഠനം അത്ഭുതകരമായ കണ്ടെത്തലുകളാണു നടത്തിയത്. മനുഷ്യന്റെ ധാരണകളെ തിരുത്തുന്നതായിരുന്നു പഠനറിപ്പോർട്ട്. കോഡിംഗ് പ്രക്രിയ വേഗത്തിലാക്കാൻ “എഐ’ക്കു കഴിയില്ലെന്നാണ് കണ്ടെത്തൽ. പരിചയസമ്പന്നരായ സോഫ്റ്റ്വെയർ ഡെവലപ്പർമാർ കോഡ് എഴുതാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ ഉപയോഗിക്കുന്പോൾ കൂടുതൽ സമയമെടുക്കുവെന്നാണ് ഗവേഷകർ പറയുന്നത്.
ഗവേഷണ ഗ്രൂപ്പായ എംഇടിആർ നടത്തിയ പഠനത്തിൽ, വ്യാപകമായി ഉപയോഗിക്കുന്ന “എഐ’- പവേർഡ് കോഡിംഗ് അസിസ്റ്റന്റ് ആയ കഴ്സർ ഉപയോഗിക്കുമ്പോൾ സോഫ്റ്റ്വെയർ എൻജിനീയർമാർ പ്രോജക്ട് പൂർത്തിയാക്കാൻ 19 ശതമാനം കൂടുതൽ സമയമെടുക്കുന്നു. ശരാശരി അഞ്ചുവർഷത്തെ പരിചയമുള്ള പതിനാറ് ഡെവലപ്പർമാരെയാണ് ഗവേഷകർ നിരീക്ഷിച്ചത്. ഇവർ “എഐ’സഹായത്തോടെയും അല്ലാതെയും സങ്കീർണമായ സോഫ്റ്റ്വെയർ പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്നവരാണ്. ഡെവലപ്പർമാർ പ്രധാനമായും ഉപയോഗിച്ചത് ജനപ്രിയ കോഡ് എഡിറ്ററായ കഴ്സർ പ്രോയും ക്ലോഡ് 3.5/3.7 സോണറ്റുമാണ്.
ടാസ്ക് പൂർത്തിയാക്കുന്നതിൽ “എഐ’ 24 ശതമാനം സമയം ലാഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. 20 ശതമാനം സമയം മാത്രമാണ് “എഐ’ക്കു കുറയ്ക്കാനായത്. ഡെവലപ്പർമാർ “എഐ’ ടൂൾസ് ഉപയോഗിക്കുമ്പോൾ 19 ശതമാനം കൂടുതൽ സമയം എടുക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. അതായത് “എഐ’ ടൂൾസ് ഡവലപ്പർമാരെ മന്ദഗതിയിലാക്കുന്നു!
പഠനഫലങ്ങളെ സാമാന്യവത്കരിക്കരുതെന്ന് ഗവേഷകർ വായനക്കാരോട് അഭ്യർഥിച്ചു. ഒന്നാമതായി, ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽഎൽഎം) പരിചയസമ്പന്നരായ സോഫ്റ്റ്വെയർ എൻജിനീയർമാരിൽ ചെലുത്തുന്ന സ്വാധീനം മാത്രമാണ് പഠിച്ചത്. പരീക്ഷണഫലങ്ങളെ പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്നും തങ്ങളുടെ വിശകലനങ്ങളിലുടനീളം വേഗത കുറയുന്നതായി തെളിഞ്ഞതായും ഗവേഷകർ അവകാശപ്പെടുന്നു.
“എഐ’യുടെ ദ്രുതഗതിയിലുള്ള പുരോഗതി, സമീപ വർഷങ്ങളിൽ സോഫ്റ്റ്വെയർ എൻജിനീയറിംഗ് ജോലികൾ “എഐ’ ഏജന്റുമാർക്ക് പൂർണമായും ഔട്ട്സോഴ്സ് ചെയ്യാൻ കഴിയുമെന്ന് വിദഗ്ധർ അവകാശപ്പെടുന്നു. “എഐ’ ഉപയോഗിച്ചുള്ള കോഡിംഗ് കൂടുതൽ സമയമെടുക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നുണ്ടെങ്കിലും “എഐ’ കോഡിംഗ് മേഖലയിൽ വൻ ഗവേഷണങ്ങളാണു നടക്കുന്നത്.