തൃപ്പൂണിത്തുറ: കാനഡയിൽ പരിശീലനത്തിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ട് പേർ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ചു ന്യൂറോഡ് കൃഷ്ണ എൻക്ലേവ് 1 എയിലെ ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശി സാവന്ന മേയ് റോയ്സ് (20) എന്നിവരാണ് മരിച്ചത്. കാനഡയിലെ മാനിടോബയിൽ സ്റ്റെൻബാക് സൗത്ത് എയർപോർട്ടിനടുത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം.
പരിശീലന പറക്കലിനിടെ സഹപാഠിയായ സാവന്ന മേയ് റോയ്സിന്റെയും ശ്രീഹരിയുടെയും വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. തീപിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിനു പുറത്ത് പാടത്ത് തകർന്നു വീണു.
ഹാർവ്സ് എയർ പൈലറ്റ് ട്രെയ്നിംഗ് സ്കൂൾ വിദ്യാർഥികളായ ഇവരും വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം.
സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. സഹോദരി: സംയുക്ത.