ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്നു സംശയിക്കുന്നതായി റിപ്പോര്‍ട്ട്. എന്തിനാണ് സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന ചോദ്യം ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനോടു ചോദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അപകടസമയത്ത് വിമാനം പറത്തിയത് ഫസ്റ്റ് ഓഫീസറായിരുന്ന ക്ലൈവ് സുന്ദര്‍ ആണെന്നായിരുന്നു പുറത്തുവന്ന വിവരം. ഒപ്പമുണ്ടായിരുന്നത് ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ ആണ്. ഒരു പൈലറ്റ് സഹ പൈലറ്റിനോട് ഫുവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് എന്തിനെന്നു ചോദിക്കുന്നതിന്റെ വോയിസ് റെക്കോര്‍ഡ് ലഭിച്ചതായി എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നേരത്തേ പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പക്ഷേ ഏത് പൈലറ്റ് ആണ് ഈ ചോദ്യം ചോദിക്കുന്നതെന്ന വിവരം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും പൈലറ്റുമാരുടെ തലയില്‍ പഴിചാരാനാണ് ശ്രമമെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്കെത്തരുതെന്നും അന്തിമറിപ്പോര്‍ട്ടിന് കാത്തിരിക്കാമെന്നുമായിരുന്നു വ്യോമയാനമന്ത്രി കെ. റാംമോഹന് നായിഡുവിന്റെ പ്രതികരണം.