മുഹമ്മ: ഭഗവാന്റെ സ്വർണം കവർന്ന് ജയിലിൽ പോയ ഇന്ത്യയിലെ ഏക പാർട്ടി സിപിഎം ആണെന്ന് കെ.സി. വേണുഗോപാൽ എം പി. സ്വർണക്കൊള്ളയുടെ പേരിൽ അറസ്റ്റിലായവരെ രക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്. കുറ്റം ചെയ്തവർക്കെതിരേ നടപടിയെടുക്കാത്തതിൽ നിന്നുതന്നെ എന്തൊക്കെയോ പിന്നിൽ ഉണ്ടെന്ന് വ്യക്തമാണ്.
പിഎം ശ്രീ, ലേബർ കോഡ് വിഷയങ്ങളിൽ കേരളത്തിൽ സിപിഎം കൈക്കൊണ്ട നടപടി പാർട്ടി നയത്തിന് എതിരാണെന്നും കെസി പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ മുഹമ്മയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങൾക്കു ലഭിക്കേണ്ട അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത സർക്കാരാണ് പിണറായിയുടേത്. ജനങ്ങളെ ജീവിക്കാൻപോലും അനുവദിക്കാതെ ദുരിതത്തിലാക്കിയ സർക്കാരിനെ ഇനി സഹിക്കാൻ കഴിയില്ല. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി.സുബ്രഹ്മണ്യദാസ് അധ്യക്ഷനായി. സി.കെ. ഷാജിമോഹൻ, എസ്.ശരത്ത്, സിറിയക് കാവിൽ, വി.എസ്. ജബ്ബാർ, എസ്.ടി.റെജി, പി.അനീഷ്, ഒ.എസ്.പ്രതീഷ്, പി.വി.തങ്കച്ചൻ, പി.എസ്.സിദ്ധാർഥൻ, വി.എം.സുഗന്ധി എന്നിവർ പ്രസംഗിച്ചു.

