കായംകുളം: പുതുപ്പള്ളി സിഎസ്ഐ പള്ളിയിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കല്യാണത്തിൽ പങ്കെടുക്കവേ നഷ്ടമായ സ്വർണമാല നാലു മാസങ്ങൾക്കു ശേഷം സിഎംഎസ് ഹൈസ്കൂൾ മൈതാനത്തുനിന്ന് തിരികെ ലഭിച്ചു.
പുതുപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി വിശാലിനാണ് മാല ലഭിച്ചത് . ഒരു പവൻ തൂക്കമുള്ള മാല വിശാൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജിബി ഏബ്രഹാം ജോർജിനെ ഏൽപ്പിച്ചു.
അധ്യാപകരുടെ അന്വേഷണത്തിൽ ഈ സ്കൂളിലെ പൂർവവിദ്യാർഥിയായ അനന്തുവിന്റെ മകൾ തൻവിയുടേതാണ് മാല എന്ന് തിരിച്ചറിയുകയും തൻവിയുടെ മുത്തശി വിദ്യാലയത്തിലെത്തി സ്വർണമാല ഏറ്റുവാങ്ങുകയും ചെയ്തു. സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി വിശാലിനെ അഭിനന്ദിക്കുകയും ചെയ്തു.
