മോസ്കോ: ട്രംപ് ഇന്ത്യയ്ക്കെതിരായ താരിഫ് ഇരട്ടിയാക്കിയതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ലോഡിമർ പുടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയി ഷൊയിഗുവുമായും ഡോവൽ ചർച്ച നടത്തി.
ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ചതിനു ശേഷമാണ് മോസ്കോയിൽ ഉഭയകക്ഷി ചർച്ച നടന്നത്.
ഡോവലിന്റെ റഷ്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും. റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യ സന്ദർശനത്തിനൊരുങ്ങുന്നത്. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുടിന്റെ സന്ദർശനം. 2022ൽ റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചശേഷം പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.