വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കെ അവിടുത്തെ ജനങ്ങൾക്ക് സഹായം നൽകേണ്ടതിന്റെയും സംഘർഷം ശാശ്വതമായി അവസാനിപ്പിക്കേണ്ടതിന്റെയും അടിയന്തര ആവശ്യം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
പലസ്തീൻ പ്രസിഡന്റും ലെയോ മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയ പള്ളിയിലെത്തിയ അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിക്കുകയും ചെയ്തു.
2015 മുതൽ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്ന വത്തിക്കാൻ, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തിന്റെയും, ഇസ്രയേലിന്റെ സുരക്ഷയും പലസ്തീൻ ജനതയുടെ അന്തസും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 21ന് പ്രസിഡന്റ് അബ്ബാസ് ലെയോ മാർപാപ്പയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഗാസ മുനമ്പിലെ സംഘർഷവും വെസ്റ്റ് ബാങ്കിലെ അക്രമവുമായിരുന്നു ഈ സംഭാഷണത്തിലെ പ്രധാന വിഷയം. 2024 ഡിസംബർ 12 നും അതിനുമുന്പും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

