ആഢംബര വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേയ്ക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍; ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയില്‍ എവിടെയും സ്വത്ത് സമ്പാദിക്കാന്‍ അവകാശമുണ്ടെന്ന് അമല പോള്‍; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ആഢംബര വാഹനങ്ങള്‍ക്ക് നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് വിധേയരായിരിക്കുകയാണ് നടന്‍ ഫഹദ് ഫാസിലും നടി അമലാ പോളും. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഇരുവരും പ്രതികരിച്ചിരിക്കുന്ന രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വാര്‍ത്തയെ തുടര്‍ന്ന് രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കിയപ്പോള്‍ ഇന്ത്യയില്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയില്‍ എവിടെ നിന്നും സ്വത്ത് സമ്പാദിക്കാമെന്നാണ് നടി അമലാ പോള്‍ പറയുന്നത്. മോട്ടോര്‍വാഹനവകുപ്പ് അയച്ച നോട്ടീസിന് നല്‍കിയ മറുപടിയിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ വ്യക്തമാക്കിയത്. ഫഹദിന്റെ 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അമലാ പോളിന്റെ വിശദീകരണം. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകരില്‍ നിന്നുള്‍പ്പെടെ ഉയരുന്നത്. അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്ന് വ്യക്തമാക്കുന്ന അമലാ പോള്‍, ഫേസ്ബുക്ക് പോസ്റ്റിലുടനീളം സ്വയം ന്യായീകരിക്കുകയാണ്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു. അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിമര്‍ശകരുടെ അനുവാദം വേണമോയെന്നും അമല പോസ്റ്റിലൂടെ പരിഹസിക്കുന്നു.

ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഒന്നരലക്ഷം രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. ഇതുകൊണ്ട് കൂടിയാണ് പലരും വാഹനം മറ്റുള്ളവരുടെ വ്യാജവിലാസങ്ങള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. പോണ്ടിച്ചേരി സ്വദേശികളായവര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കില്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം.

Related posts