അന്പലപ്പുഴ: ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരേ നടന്ന ഭക്തരുടെ പ്രതിഷേധം പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഭക്തജനക്കൂട്ടായ്മയായ വാസുദേവസഭയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷേധം നടന്നത്.
നിലവിൽ ഒരു ലിറ്ററിന് 160 രൂപയാണ് പാൽപ്പായസത്തിന്റെ വില.ഇത് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. കൂടാതെ ക്ഷേത്രത്തിൽ നടന്നുവന്ന നിത്യ അന്നദാനവും മുന്നറിയിപ്പില്ലാതെ നിർത്തിവച്ചു.
മൂന്നുതവണ ക്ഷേത്രത്തിൽ നാമജപം ചൊല്ലി വലംവച്ച് ആനക്കൊട്ടിലിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, ക്ഷേത്രത്തിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചതാണ് വാസുദേവ സഭ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടാകാൻ കാരണമായത്.
പ്രതിഷേധം ശക്തമായതോടെ ഇതിനു നേതൃത്വം നൽകിയ ചിലരെ പോലീസ് നീക്കം ചെയ്തു. തുടർന്ന് പ്രവർത്തകർ ആനക്കൊട്ടിലിന് വെളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ വിഭാഗ് സെക്രട്ടറി ജയകൃഷ്ണൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.