കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍നിന്ന് നടന് ജഗദീഷ് പിന്മാറിയേക്കുമെന്നു സൂചന. “അമ്മയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും സുരേഷ്ഗോപിയോടുമൊക്കെ ചോദിച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന് കൊടുത്തത്.
ഒരു മത്സരത്തിന് എനിക്ക് താല്പര്യമില്ലായിരുന്നു. ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരിക്കുമെന്നാണു ധരിച്ചത്. മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലും മോഹന്‍ലാല്‍ ജപ്പാനിലുമാണ്. സുരേഷ്ഗോപി പാര്‍ലമെന്റ് മീറ്റിലുമാണ്. ഇന്ന് രാത്രി മൂന്നു പേരുമായി ചര്‍ച്ച ചെയ്യും. അവര്‍ മൂവരും സമ്മതിച്ചാല്‍ പത്രിക പിന്‍വലിക്കും’- നടന് ജഗദീഷ് “രാഷ്ട്രദീപിക’യോടു പറഞ്ഞു.
“2021 ല്‍ ഞാന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്നു. അന്ന് രണ്ട് വനിതകള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരട്ടെയെന്ന് ഇന്നസെന്റ് ചേട്ടനും മോഹന്‍ലാലും പറഞ്ഞതനുസരിച്ച് പത്രിക പിന്‍വലിച്ചു.
സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലായി ഉണ്ടാവണം. അതാണ് എന്റെ ആഗ്രഹം. മത്സരത്തില്‍നിന്ന് പിന്മാറുകയാണെങ്കില് അമ്മയുടെ അംഗം എന്ന നിലയില്‍ കൂടുതല്‍ ശക്തിയോടെ ഓരോ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുമെന്ന ഉറപ്പു തരുന്നു’- ജഗദീഷ് പറഞ്ഞു.
“അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് മത്സരാര്‍ഥികളാണുള്ളത്. ജഗദീഷ്, ശ്വേത മേനോന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണ് ആ മത്സരാര്‍ഥികള്‍. നടന് ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജഗദീഷ് പിന്മാറിയാല് ശ്വേത മേനോന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യത ഏറുകയാണ്.
- സ്വന്തം ലേഖിക