Set us Home Page

എ.കെ. ആന്റണിയുടെ മകന്‍ സോഷ്യല്‍മീഡിയ കോ-ഓര്‍ഡിനേറ്ററായതോടെ കോണ്‍ഗ്രസ് സൈബര്‍ വിംഗ് സിപിഎമ്മിനെക്കാളും മുകളില്‍, ഉരുളയ്ക്കുപ്പേരി പോലെ സൈബര്‍ വാര്‍ റൂമില്‍ എല്ലാം റെഡി!! അനില്‍ കെ. ആന്റണി വന്നപ്പോള്‍ കോണ്‍ഗ്രസ് മാറിയതിങ്ങനെ

തോമസ് വര്‍ഗീസ്

കോണ്‍ഗ്രസിന്റെ സൈബര്‍ വാര്‍ റൂം തയാര്‍. വടക്കന്‍ കേരളത്തില്‍ ആക്രമണ രാഷ്ട്രീയവും തെക്കന്‍ കേരളത്തില്‍ ആക്രമണരാഷ്ട്രീയത്തോടൊപ്പം കര്‍ഷക ആത്മഹത്യയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കി കോണ്‍ഗ്രസ് സൈബര്‍ ടീം. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കു കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കില്ലെന്നു കെപിസിസിയുടെ സോഷ്യല്‍ മീഡിയ കോ -ഓര്‍ഡിനേറ്റര്‍ അനില്‍ കെ. ആന്റണി വ്യക്തമാക്കുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരമാവധി ജനങ്ങളെ അറിയിക്കുകയാണു ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിനെതിരേ പ്രധാന പ്രചാരണ വിഷയങ്ങള്‍ കൊലപാതകരാഷ്ട്രീയവും കര്‍ഷക ആത്മഹത്യയും ക്രമസമാധാന രംഗത്തെ തകര്‍ച്ചയുമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23 വരെ ഓരോദിവസവും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഞ്ചിലധികം ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ ഐഎന്‍സി കേരള എന്ന പേജിലൂടെ പ്രസിദ്ധീകരിക്കും.

യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായുള്ള നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുണ്ട്. ഇവരുമായെല്ലാം പരമാവധി സഹകരിച്ചാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോവുന്നത്. കെപിസിസി ആസ്ഥാനമായുള്ള ഡിജിറ്റല്‍ വാര്‍ റൂമില്‍ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലേയും സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ എല്ലാ ദിവസവും വിശകലനം ചെയ്യും.

ഓരോ പാര്‍ലമെന്റ് മണ്ഡലം കോ ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നും അതാത് ദിവസത്തെ കാര്യങ്ങള്‍ മനസിലാക്കിയാണ് വരും ദിവസത്തെ സോഷ്യല്‍ മീഡിയ സ്ട്രാറ്റജി തയാറാക്കുക. മിക്ക പാര്‍ലമെന്റ് മണ്ഡലങ്ങളിലും മണ്ഡലം, ബൂത്ത് കമ്മിറ്റികളില്‍ വരെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനം സജീവമാണ്. ഇതില്‍തന്നെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യ അനുദിനം മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ യുവജനതയില്‍ പരമാവധി സ്വാധീനം ചെലുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളാണു സംസ്ഥാനത്തു നടപ്പാക്കുന്നത്. കേരളത്തില്‍ ഏറ്റവമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഫേസ് ബുക്കായതിനാല്‍ കോണ്‍ഗ്രസ് സൈബര്‍ ടീം പ്രചാരണത്തിനായി ഏറ്റവുമധികം ഉപയോഗിക്കുന്നതും ഫേസ്ബുക്ക് തന്നെയാണ്.

വടക്കേ ഇന്ത്യയില്‍നിന്നു വ്യത്യസ്തമായ സോഷ്യല്‍ മീഡിയ ഉപയോഗമാണ് കേരളത്തില്‍. അതനുസരിച്ചു ക്രമീകരണങ്ങളാണ് ഇവിടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തയാറാക്കിയിട്ടുള്ളത്. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും അതാതു സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ ടീമും കെപിസിസി സോഷ്യല്‍മീഡിയ ടീമും സംയുക്തമായാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് അതാത് മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് കൂടുതലായി എത്തിക്കുകയെന്നതാണ്.

ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യയും പട്ടയപ്രശ്‌നങ്ങളും ഇടുക്കി മെഡിക്കല്‍ കോളജുമെല്ലാം ചര്‍ച്ചയാക്കും. അതേസമയം തിരുവനന്തപുരത്ത് ഓഖിയും തീരദേശ പ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉന്നയിക്കും. വടക്കന്‍ കേരളത്തിലെ പ്രചാരണായുധമായി കൊലപാതക രാഷ്ട്രീയം തന്നെയാവും മുന്നിലുണ്ടാവുക. കേന്ദ്രത്തിനെതിരേ നോട്ടു നിരോധനവും സാമ്പത്തിക തകര്‍ച്ചയും ജനങ്ങളെ വിഭാഗീയയിലേക്ക് നയിക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണത്തില്‍ എത്തിക്കുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റിട്ട് വളരെ കുറച്ചു നാളുകള്‍ മാത്രമേ ആയിട്ടുള്ളു. ചെറിയ കാലയളവില്‍ നടപ്പാക്കാനായി തയാറാക്കിയ പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെയാണ് നിലവില്‍ പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. അതിനു ശേഷം തുടരണമോ എന്ന് അപ്പോള്‍ തീരുമാനിക്കും.

ടെക്‌നോളജിയെ ആശ്രയിച്ച് നവീന ആശയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാനാണ് താന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ആയി ചുമതല ഏറ്റതും. അത് ഒരിക്കലും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവായി വ്യാഖ്യാനിക്കേണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പുത്രനായ അനില്‍ കെ. ആന്റണി ദീപികയോടു പറഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS