തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആയിരത്തിലധികം ‘പോരാളി ഷാജി’മാരുമായി സിപിഎമ്മിന്റെ സൈബര്‍ ആര്‍മി; സംഘത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകരും സിനിമാക്കാരും…

തിരുവനന്തപുരം: കാലം മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാതലായ മാറ്റം വന്നിരിക്കുകയാണ്.നേരിട്ടുള്ള പ്രചരണത്തിലുപരി രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് എന്നതാണ് വാസ്തവം. സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തന്നെ സൈബര്‍ ലോകത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. സൈബര്‍ ലോകത്ത് മേല്‍ക്കൈ നേടാനുള്ള തത്രപ്പാടിലാണ് ഇത്തവണയും പാര്‍ട്ടികളെല്ലാം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പടുകൂറ്റന്‍ സൈബര്‍ ആര്‍മിയ്ക്കാണ് സിപിഎം രൂപം നല്‍കിയിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും ഐ.ടി. വിദഗ്ധരും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകളെ ചേര്‍ത്താണ് സിപിഎം സൈബര്‍ ആര്‍മി സജ്ജമാക്കിയിരിക്കുന്നത്.

സി.പി.എമ്മിന്റെ ‘ഹൈടെക് മീഡിയാ സെല്‍’ ന് കീഴിലാണ് സൈബര്‍ ആര്‍മിയുടെ പ്രവര്‍ത്തനം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് സെല്‍ ലക്ഷ്യമിടുന്നത്.എല്‍.ഡി.എഫിനെതിരേ ഉയരുന്ന അപവാദങ്ങളെ പ്രതിരോധിക്കുക. ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടുക. ജനങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന വാര്‍ത്തകളും ട്രോളുകളും സന്ദേശങ്ങളും തയ്യാറാക്കുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

ഓരോ പാര്‍ലമെന്റ് മണ്ഡലവും കേന്ദ്രീകരിച്ചാകും ഇവരുടെ പ്രവര്‍ത്തനം. മണ്ഡലത്തിലുടനീളം സഞ്ചരിച്ച് എതിര്‍പ്രചാരണങ്ങള്‍ മനസ്സിലാക്കുക, മണ്ഡലത്തില്‍ പ്രത്യേകമായി ഉന്നല്‍നല്‍കേണ്ട വിഷയങ്ങള്‍ കണ്ടെത്തുക, സ്ഥാനാര്‍ഥിപര്യടനത്തിന്റെ വാര്‍ത്തകള്‍ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി പാര്‍ലമെന്റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മീഡിയസെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി പത്രാധിപരുമായ പി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു സെല്‍ ആദ്യം ആസൂത്രണം ചെയ്തിരുന്നതെങ്കിലും. അദ്ദേഹം എറണാകുളത്ത് സ്ഥാനാര്‍ഥിയായതോടെയാണ് ശിവദാസന് കീഴിലേക്ക് മാറ്റിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിക്ക് വേണ്ടിയുള്ള ഇത്തരം മീഡിയാസെല്‍ വലിയ വിജയമായി മാറിയിരുന്നു. ഇതാണ് സിപിഎമ്മിനെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചത്.

Related posts