വണ്ടിത്താവളം: താലൂക്കിൽ കാലം മറന്ന കടലക്കൃഷിയെ വീണ്ടെടു ത്ത് അനിൽ കുമാറിന്റെ യജ്ഞം വിജയകരം. വണ്ടിത്താവളം ബസ് സ്റ്റാൻഡിൽ കാന്റീൻ നടത്തി വരികയാണ് അനിൽകുമാറും ഭാര്യ അനിതയും.
കോവിഡ്കാല നിബന്ധനകൾ കാരണം പുറത്തു സഞ്ചാരമില്ലാതായതോ ട്ടാണ് കാൻറ്റീനു സമീപത്തെ ഒഴിഞ്ഞ പറന്പിൽ കടലകൃഷി ചെയ്ത് പരിപാലനം തുടങ്ങിയത്.
ഈ സ്ഥലത്ത് നാൽക്കാലി ശല്യം ഒഴിവാക്കാൻ സംരക്ഷണവും ഏർപ്പെടുത്തി. ഏകദേശം മൂന്നു മാസക്കാലത്ത് കൃഷി പരിപാലന ത്തിനു ശേഷമാണ് കടല വിളവെടുപ്പ് നടത്തിയത്.
കടലച്ചെടികൾ സമുദ്ധമായി വളർന്നത് തീർത്തും ആശ്ചര്യപ്പെടുത്തി.
ബസ് സ്റ്റാൻഡ് കാന്റീനിൽ ചായക്കെത്തിയവർക്കും നിലക്കടല വിളവെടുപ്പ് വിസ്മയ കാഴ്ചയായി .
ഏകദേശം 40 വർഷം മുൻപു വരെ പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ നിലക്കടല കൃഷിയാണ് വ്യാപകമായി നടത്തി വന്നിരുന്നത്. വളരെ താഴ്ചയുള്ള പൂന്തൽ കണ്ടങ്ങളിൽ മാത്രമാണ് നെൽകൃഷി ചെയ്തിരുന്നത്.
അക്കാലത്ത് ജൂണിൽ മഴ ആരംഭിച്ചാൽ സെപ്റ്റംബർ അവസാനം വരേയും വിടാതെ മഴ ഉണ്ടാവും.പകൽ സമയങ്ങളിൽ സൂര്യവെളിച്ചം കാണുന്നത് അപൂർവ്വമാണ്. അക്കാലത്ത് താലൂക്കിലുടനീളം കടലക്കാടുകളും നിലക്കടല കൃഷിയുമായിരുന്നു.
പിന്നീട് മഴയുടെ അളവ് വർഷംതോറും കുറഞ്ഞു തുടങ്ങിയതോടെ കർഷകർ കാടുകൾ നെൽക്കൃഷിക്കായി പാകപ്പെടുത്തി .പിന്നീട് താലൂക്കിലെ കർഷകർ പൂർണ്ണമായും നെൽകൃഷിയിൽ വ്യത്യതരാവുകയും നിലക്കടല മേഖല അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷ്യമാവുകയുമാണുണ്ടായത്.