പാലക്കാട്: മാധ്യമങ്ങൾക്കുനേരെയുള്ള പട്ടി പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറിയും ഷുക്കൂറിന്റെ രാജിയും സംബന്ധിച്ച പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് കൃഷ്ണദാസ് രോഷത്തോടെ ഇന്നലെ പട്ടി പ്രയോഗം നടത്തി പ്രതികരിച്ചത്.
പ്രതികരണം തേടിയ മാധ്യമങ്ങളോട് ഇറച്ചിക്കടയിൽ കാത്തു നില്ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശം ബോധപൂര്‍വമാണെന്നും അതിൽ ഉറച്ചുനില്‍ക്കുകയാണെന്നും എൻ.എൻ. കൃഷ്ണദാസ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ചുതന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടിക്കു പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്.
എന്നാൽ, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശമെന്നും എൻഎൻ കൃഷ്ണദാസ് വിശദീകരിച്ചു.
വിമർശനങ്ങളെ ഞാൻ മൈൻഡ് ചെയ്യുന്നില്ല. മാധ്യമപ്രവർത്തകർ പട്ടികളെന്ന് ഞാൻ പേരെടുത്ത് പറഞ്ഞിട്ടില്ല. ഒന്നും വ്യക്തിപരമല്ലെന്നും പട്ടികളെന്ന് നിങ്ങൾക്ക് തോന്നിയാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. നിങ്ങളെന്തിനാണ് ഷുക്കൂറിന്റെ വീട്ടിൽ പോയതെന്നും സിപിഎമ്മുകാരന്റെ വീട്ടിൽ അങ്ങനെ എല്ലാർക്കും പോകാൻ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.