തിരുവനന്തപുരം: പി.വി.അൻവർ ഇന്ന് നിയമസഭയിലെത്തിയത് ഡിഎംകെയുടെ ഷാള്‍ അണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായി.
സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടെയും മറ്റു തൊഴിലാളി സമൂഹത്തിന്റെയും രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോർത്തെന്നും അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് ചുവന്ന തോര്‍ത്ത് കൈയില്‍ കരുതിയതെന്നും അന്‍വര്‍ പറഞ്ഞു.
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ച് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹസ്തദാനം നൽകി സ്വീകരിച്ച് ലീഗ് എംഎൽഎമാർ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി പി എമ്മിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച പി. വി. അൻവർ ഇന്ന് നിയമസഭയിലെത്തിയപ്പോൾ ലീഗ് എംഎൽഎ മാർ വളരെ ആവേശത്തോടെ ഹസ്തദാനം നൽകി സ്വീകരിക്കുകയായിരുന്നു.
മഞ്ഞളാം കുഴി അലി ആണ് അൻവറിനെ ആദ്യം സ്വീകരിച്ചത്. പിന്നാലെ മറ്റു എംഎൽഎമാർ ഒപ്പം കൂടുകയായിരുന്നു. അതേസമയം ഭരണപക്ഷ എംഎൽഎമാർ അൻവറിനോട് സൗഹൃദം കൂടിയില്ല.
അൻവറിനു പുതിയ ഇരിപ്പിടമാണ് സ്പീക്കർ നൽകിയത്. പ്രതിപക്ഷ നിരയ്ക്ക് സമീപമായി നാലാംനിരയിൽ എ.കെ.എം അഷ്റഫിന്റെ ഇരിപ്പിടത്തിന് സമീപമാണ് അൻവറിനു ഇരിപ്പിടം അനുവദിച്ചത്.
സ്വതന്ത്ര ബ്ലോക്ക് വേണമെന്നാണ് അൻവർ സ്പീക്കറോട് ആവശ്യപ്പെട്ടത്. രാവിലെ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷമാ യിരുന്നു അൻവർ സഭയിലേക്ക് വന്നത്.