കൊച്ചി: ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരില്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരേ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി. തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടം നികത്താനാകാത്തതാണെങ്കിലും ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് ആരതി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
നമ്മുടെ മണ്ണില്‍ വന്നുകൊണ്ടാണ് അവര്‍ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത്. രാജ്യം തിരിച്ചടിച്ചതില്‍ അഭിമാനമാണുള്ളത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചിരുന്നു. തിരിച്ചടിക്കായി പ്രാര്‍ഥിച്ചിരുന്നു.അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഭീകരരെക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്കാന് സാധിച്ചു.
ഇനിയും അത് തുടര്‍ന്നുകൊണ്ടിരിക്കും. അച്ഛന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ സാധിക്കില്ല. കണ്ട കാഴ്ചകള്‍ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതില്‍ ഇപ്പോള്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആരതി കൂട്ടിച്ചേര്‍ത്തു. 26 പേര് കൊല്ലപ്പെട്ട കശ്മീരിലെ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായാണ് ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം കൂട്ടക്കൊല നടന്ന പതിനഞ്ചാം നാളാണ് ഇന്ത്യയുടെ തിരിച്ചടി. ആരതിയുടെ കണ്മുന്നില് വച്ചാണ് ഭീകരര്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.