തലശേരി: ക്ഷീര കർഷകയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ജോലിക്കാരൻ അറസ്റ്റിൽ. നേപ്പാൾ ജാപ്പയിൽ സ്വദേശി മഹേഷ് ഹസ്തയെ (36) യാണ് ഊട്ടി മുള്ളിഗൂറിൽ വച്ച് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. ക്ഷീരകർഷകയായ യുവതിയുടെ പശുക്കളെ പരിപാലിക്കുന്ന ജോലിക്കാരനായിരുന്നു മഹേഷ് ഹസ്ത.
തൊഴുത്തിലെത്തിയ യുവതിയെ സമീപമുള്ള മുറിയിൽ താമസിക്കുന്ന മഹേഷ് പിന്നിലൂടെ വന്നു കൈകൊണ്ടു വായമൂടി പിടിച്ച് അക്രമിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിയുടെ കൈയിൽ കടിച്ചതോടെയാണ് പിടിത്തം വിട്ടത്. ഉടൻ ഉറക്കെ നിലവിളിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം നാട് വിട്ട പ്രതി ഊട്ടിയിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ഊട്ടിയിലെത്തി പിടികൂടുകയായിരുന്നു.
പോലീസിനെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് അതിസാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊക്ലി സിഐ കെ.വി. മഹേഷ്, എസ്ഐ സജിത്ത്, എ.എസ്ഐ പ്രശാന്ത്, സി.പിഒ ശ്രീജിത്ത് എന്നിവരുൾപ്പെടുന്ന സംഘമാണ് ഊട്ടിയിൽ നിന്നും പ്രതിയെ പിടികൂടിയത്.