ന്യൂഡൽഹി: മലേഷ്യയിൽ നടക്കുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഞായറാഴ്ച ക്വാലാലംപുരിൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും. നാളെ മുതൽ 28വരെയാണ് ഉച്ചകോടി.
ആസിയാൻ യോഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എസ്. ജയശങ്കർ പങ്കെടുക്കുമെന്ന് മലേഷ്യയെ അറിയിച്ചതായി ഒദ്യോഗിവൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, ഉച്ചകോടിയിൽ പ്രധാനമന്ത്രി വെർച്വൽ മോഡിലൂടെ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും ഇന്ത്യൻ സംഘത്തെ നയിച്ചത് പ്രധാനമന്ത്രിയാണ്.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെയും നിരവധി രാജ്യങ്ങളുടെ നേതാക്കളെയും മലേഷ്യ ക്ഷണിച്ചിട്ടുണ്ട്. 26ന് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ട്രംപ് ക്വാലാലംപുരിലേക്കു യാത്രതിരിക്കും. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപുർ, തായ്ലൻഡ്, ബ്രൂണൈ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നിവയാണ് ആസിയാനിലെ അംഗ രാജ്യങ്ങൾ.