ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി സീക്കർ ഘടിപ്പിച്ച ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ “അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്നലെ ഒഡീഷ തീരത്ത് യുദ്ധവിമാനത്തിൽനിന്നാണു പരീക്ഷണം നടത്തിയത്.
ശത്രുലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്ന റേഡിയോ ഫ്രീക്വൻസി സീക്കർ പൂർണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് ഡിആർഡിഒ ആണ്. അതുകൊണ്ട് പരീക്ഷണം സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. 100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലാണിത്.
പ്രതിരോധ സാങ്കേതികവിദ്യയിൽ നാഴികക്കല്ലായി മാറിയ വിജയം കൈവരിച്ചതിന് ഡിആർഡിഒ, ഐഎഎഫ് മറ്റു പങ്കാളികൾ എന്നിവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. പരീക്ഷണത്തിൽ ഉൾപ്പെട്ട ടീമുകളെ ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി കാമത്തും അഭിനന്ദിച്ചു.