മുംബൈ: എഴ് തവണ ലോകചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ തലപ്പൊക്കത്തിനും മുകളിൽ ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറി ഉയർന്നപ്പോൾ ഇന്ത്യ ലോകകപ്പ് ഫൈനലിൽ. ഐസിസി വനിതാ ഏകദിന ലോകകപ്പ് സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ മലർത്തിയടിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.
ഒന്‍പത് പന്ത് ബാക്കിവച്ച് അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ലേഡീസിന്റെ വണ്ടർ ജയം. 134 പന്തിൽ 127 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസാണ് ഇന്ത്യൻ ടീമിന്റെ വിജയശിൽപ്പി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (88 പന്തിൽ 89), റിച്ച ഘോഷ് (16 പന്തിൽ 26), ദീപ്തി ശർമ (17 പന്തിൽ 24), സ്മൃതി മന്ദാന (24 പന്തിൽ 24), അമൻജോത് കൗർ (എട്ട് പന്തിൽ 15 നോട്ടൗട്ട് ) എന്നിവരും ഇന്ത്യക്കായി തിളങ്ങി. സ്കോർ: ഓസ്ട്രേലിയ 49.5 ഓവറിൽ 338. ഇന്ത്യ 48.3 ഓവറിൽ 341/5. ജെമീമയാണ് പ്ലെയർ ഓഫ് ദ മാച്ച്. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിംഗാണ് ഇന്ത്യ ഇന്നലെ നടത്തിയത്. ഇതിലൂടെ ഇന്ത്യൻ ടീം റിക്കാർഡ് ബുക്കിലും ഇടം നേടി.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഇത് മൂന്നാം തവണയാണ് ഇന്ത്യൻ വനിതകൾ ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. 2005, 2017 എഡിഷനുകളിൽ ഫൈനലിൽ എത്തിയെങ്കിലും യഥാക്രമം ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടു.
ജെമീമ-ഹർമൻ നയിച്ചു 
339 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ ഷെഫാലി വര്‍മയെയും (10) സ്മൃതി മന്ദാനയെയും (24) സ്കോര്‍ബോര്‍ഡില്‍ 59 റണ്‍സുള്ളപ്പോള്‍ പവലിയന്പൂകി. പ്രതീക റാവലിനു പരിക്കേറ്റു പുറത്തായതോടെയായിരുന്നു ഷെഫാലി ടീമിലെത്തിയത്. അഞ്ച് പന്തിന്റെ ആയുസ് മാത്രമേ ഷെഫാലിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍, മൂന്നാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഇന്ത്യയെ മുന്നോട്ടുനയിച്ചു. 17-ാം ഓവറില്‍ ഇന്ത്യ 100 കടന്നു.
നേരിട്ട 57-ാം പന്തില്‍ ജെമീമ അര്‍ധസെഞ്ചുറിയില്‍. നേരിട്ട 65-ാം പന്തിൽ ഹർമൻപ്രീത് കൗറും അർധസെഞ്ചുറിയിലെത്തി. ഹർമൻ-ജെമീമ കൂട്ടുകെട്ട് ക്രീസിൽ ഉറച്ചതോടെ ഇന്ത്യ 32-ാം ഓവറിൽ 200. ഇരുവരും ചേർന്ന് 140 പന്തിൽ 150 റൺസ് കൂട്ടുകെട്ട് കടന്നു.
ഒടുവിൽ സ്കോർ 226ൽ എത്തിയപ്പോൾ ഹർമൻപ്രീത് കൗർ പുറത്ത്. 88 പന്തിൽ 10 ഫോറും രണ്ട് സിക്സും അടക്കം 89 റൺസ് നേടിയ ശേഷമായിരുന്നു ഹർമൻപ്രീത് കൗർ മടങ്ങിയത്. ജെമീറ-ഹർമൻപ്രീത് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത് 156 പന്തിൽ 167 റൺസ്. തുടർന്ന് ദീപ്തി ശർമയ്ക്കൊപ്പം ചേർന്ന ജെമീമ റോഡ്രിഗസ്, നേരിട്ട 115-ാം പന്തിൽ സെഞ്ചുറിയിലെത്തി. ജെമീമയുടെ മൂന്നാം രാജ്യാന്തര ഏകദിന സെഞ്ചുറിയാണ്.
സൂപ്പര്‍ ലിച്ച്ഫീല്‍ഡ് 
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ ഓസീസ് ഓപ്പണര്‍ ഫോബ് ലിച്ച്ഫീല്‍ഡ് ആക്രമിച്ചു കളിച്ചു. എന്നാല്‍, ആറാം ഓവറിന്റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ അലീസ ഹീലിയെ ഓസ്ട്രേലിയയ്ക്കു നഷ്ടപ്പെട്ടു. ക്രാന്തി ഗൗഡിന്റെ പന്തില്‍ വിക്കറ്റ് തെറിച്ചാണ് ഹീലി മടങ്ങിയത്.
എന്നാല്‍, ലിച്ച്ഫീല്‍ഡും എല്ലിസ് പെറിയും ഓസീസ് സ്കോര്‍ പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 133 പന്തില്‍ 155 റണ്‍സ് പിറന്നു. 93 പന്തില്‍ 17 ഫോറും മൂന്നു സിക്സും അടക്കം 119 റണ്‍സ് നേടിയ ലിച്ച്ഫീല്‍ഡിനെ ബൗള്‍ഡാക്കി അമന്‍ജോത് കൗറാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 22കാരിയായ ലിച്ച്ഫീല്‍ഡിന്റെ മൂന്നാം രാജ്യാന്തര ഏകദിന സെഞ്ചുറിയാണ്. ലോകകപ്പില്‍ ആദ്യത്തേതും.
തുടര്‍ന്ന് ബേത് മൂണി (24), അന്നബെല്‍ സതര്‍ലന്‍ഡ് (3) എന്നിവര്‍ വേഗത്തില്‍ മടങ്ങി. 88 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും അടക്കം 77 റണ്‍സ് നേടിയ എല്ലിസ് പെറി പുറത്താകുമ്പോള്‍ ഓസീസ് സ്കോര്‍ 39.2 ഓവറില്‍ 243/5. പിന്നീട് ആഷ് ഗാര്‍ഡ്നര്‍ മാത്രമാണ് ഓസീസ് ഇന്നിംഗ്സില്‍ പിടിച്ചുനിന്നത്. 45 പന്തില്‍ നാല് വീതം സിക്സും ഫോറും നേടിയ ഗാര്‍ഡ്നര്‍ 63 റണ്‍സ് സ്വന്തമാക്കി. ഒടുവില്‍ 49.5 ഓവറില്‍ 338 റണ്‍സിന് ഓസീസ് വനിതകള്‍ പുറത്ത്.


 
  
 