കൊച്ചി/കുമരകം: അപ്രതീക്ഷിതമായി കടന്നുവന്ന അപകടത്തിന്റെ നൊമ്പരങ്ങള്‍ക്ക് ആവണിയുടെയും ഷാരോണിന്റെയും സ്നേഹത്തെ തോല്‍പ്പിക്കാനായില്ല. വിവാഹദിനത്തില്‍ അപകടത്തില്‍പ്പെട്ട ആവണിക്ക് എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്‍മണ്ഡപമായി.
അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ചൊരിഞ്ഞ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി.
വിവാഹവുമായി മുന്നോട്ടു പോകണമെന്ന ആഗ്രഹം കുടുംബം അറിയിച്ചതോടെ അതിനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ചെയ്യുകയായിരുന്നു. ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ അവിചാരിതമായാണ് ആവണിക്ക് അപകടം സംഭവിച്ചത്. ഈ ഘട്ടത്തില്‍ അവരുടെ ആഗ്രഹത്തിനും മാനുഷിക പരിഗണനയ്ക്കും മൂല്യം നല്‍കിയാണ് മുഹൂർത്തം തെറ്റാതെ അത്യാഹിതവിഭാഗം വിവാഹവേദിയാക്കാനുള്ള അവസരം നല്‍കിയത്.
ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ് – ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്കൂള്‍ അധ്യാപികയുമായ ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്-രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെവിഎം കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ഇന്നലെ ഉച്ചയ്ക്ക് തുമ്പോളിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ മൂന്നോടെ മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളായ അനന്തു, ജയനമ്മ എന്നിവരും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു കയറുകയായിരുന്നു.
നാട്ടുകാര്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി ഉച്ചയ്ക്ക് 12 എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയിലേക്കു മാറ്റി. വിവരമറിഞ്ഞ് വരന് ഷാരോണും കുടുംബവും ഒപ്പമെത്തി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിച്ചു. 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം.
ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് ആശുപത്രി അധികൃതര്‍ രോഗിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിതവിഭാഗത്തില്തന്നെ താലികെട്ടിനു സൗകര്യമൊരുക്കി.
ആശുപത്രിയില്‍ നടന്ന വിവാഹശേഷം ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ക്ഷണിച്ചുവരുത്തിയവര്‍ക്ക് വിവാഹസദ്യയും നടന്നു. ആവണിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ശസ്ത്രക്രിയ ഉടന്‍ നടക്കുമെന്നും ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരന് പറഞ്ഞു.

