തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്നു വീട് ക്ലാസ്മുറികളാക്കേണ്ടിവന്ന സ്കൂൾ വിദ്യാർഥികൾ ഇന്നു വീണ്ടും സ്കൂളിലേക്ക്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ മുൻകരുതലുകളോടെയും സുരക്ഷാ സംവിധാനത്തോടെയുമാണ് ഇന്നു സ്കൂൾ തുറക്കുന്നത്.
ഇതിനു മുന്നോടിയായി ജില്ലാ കളക്ടർമാരുടെയും വിദ്യാഭ്യാസ ഓഫീസർമാരുടെയും ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് പ്രവേശന നടപടികൾ പല ഘട്ടങ്ങളിലായി വിലയിരുത്തിയിരുന്നു.
സ്കൂൾ തുറന്ന് ആദ്യദിവസങ്ങളിൽ വിദ്യാർഥികൾക്ക് ആത്മവിശ്വാസം നല്കാനുള്ള നടപടികളാണ് അധ്യാപകർ സ്വീകരിക്കേണ്ടതെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്കിയിട്ടുണ്ട്.
അക്കാദമിക രംഗത്ത് സ്വീകരിക്കേണ്ട പൊതുവായ സമീപനവും ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും അധ്യാപകർക്ക് ഉണ്ടാകേണ്ട ധാരണകൾ സംബന്ധിച്ചും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി എസ്സിഇആർടിയുടെ വിശദമായ അക്കാദമിക് മാർഗരേഖയും നേരത്തെതന്നെ പുറത്തിറക്കിയിരുന്നു.
ഇന്നു മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്കു തിരികെ എത്തുന്ന കുട്ടികൾക്കു വരാനിടയുള്ള മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ തുടങ്ങിയവ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും തുടർച്ചയായ ദിവസങ്ങളിൽ നടപ്പാക്കും.
സ്കൂൾ തുറക്കൽ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്ഹിൽ സ്കൂളിൽ നടക്കും. കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകരോട് സ്കൂളിൽ ഹാജരാകേണ്ടെന്നു നിർദേശവും നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി 24,300 തെർമൽ സ്കാനറുകൾ സ്കൂളുകളിൽ വിതരണം ചെയ്തു. സോപ്പ്, ഹാൻഡ് വാഷ് ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും സ്കൂളിലൊരുക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.