തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിക്കുന്നതിനു പുതിയ പദ്ധയിയുമായി ബെവ്കോ. ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകള് വഴി വില്പന നടത്തുന്ന പ്ലാസ്റ്റിക്, ഗ്ലാസ് കുപ്പികള്‍ക്ക് ഡെപോസിറ്റ് തുകയായി 20 വാങ്ങാനും ക്യൂ ആര്‍ഡ് കോഡ് ഘടിപ്പിച്ച ഈ കുപ്പികള്‍ തിരികെ ഔട്ട്ലെറ്റില് എത്തിക്കുമ്പോള്‍ ഡെപോസിറ്റ് തുക തിരികെ നല്‍കുകയും ചെയ്യുന്നതിനുള്ള പുതിയ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഇതിന്റെ ആദ്യ പൈലറ്റ് നിര്‍വഹണം അടുത്തമാസം തിരുവനന്തപുരത്തും കണ്ണൂരിലും നടത്തും. ജനുവരിയോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കും.
പ്രതിവര്‍ഷം 70 കോടി മദ്യകുപ്പികളാണ് ബിവറേജസ് കോര്പറേഷന് വഴി വില്‍ക്കുന്നത്. ഇതില്‍ 56 കോടിയും പ്ലാസ്റ്റിക് കുപ്പികളാണ്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
800 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. 900 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം വില്‍ക്കുന്ന നിലയില്‍ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള് എല്ലാ ജില്ലകളിലും തുടങ്ങാനും തീരുമാനമുണ്ട്. തൃശൂരിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങുക.