കൊച്ചി: ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പ് കേസ് മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. തട്ടിപ്പില്‍ വ്യാപക കള്ളപ്പണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റംസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നത്. ജിഎസ്ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും.
നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകള്‍ക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരുടെ വീടുകളില്‍ ഉള്‍പ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റേയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റേയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമടക്കം ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റത്. പിഴ അടച്ചാല്‍ കേസ് തീര്‍ക്കാന്‍ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എംബസികളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാജ രേഖകള്‍ ഉണ്ടാക്കിയത് സംസ്ഥാന പോലീസിന് അന്വേഷിക്കാം. വാഹനങ്ങളുടെ രജിസ്ട്രേഷന് അടക്കമുള്ളവ റദ്ദാക്കാന്‍ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. ഭൂട്ടാന് വഴിയുള്ള കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകളും രേഖകളും മിക്കതും നിയമവിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. രേഖകളും വിവരങ്ങളും കസ്റ്റംസ് വിഭാഗം വിവിധ ഏജന്‍സികള്‍ക്ക് കൈമാറും. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ എഎൻഐഎയും കേസ് ഏറ്റെടുക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ദുല്‍ഖര്‍ സല്മാന് ഉള്‍പ്പെടെയുള്ള വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കും
ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനങ്ങള്‍ വാങ്ങിയതില്‍, നടന് ദുല്‍ഖര്‍ സല്മാന് ഉള്‍പ്പടെയുള്ള വാഹന ഉടമകള്‍ക്ക് ഉടന്‍ നേരിട്ട് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകള്‍ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കും. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ നിരീക്ഷണത്തിലാണ്. വാഹനങ്ങളുടെ രേഖകളില്‍ അവ്യക്തത തുടരുന്നതിനാലാണ് കസ്റ്റംസ് നടപടി. ഇവ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു.
ആഡംബരക്കാറുകള്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കും
കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകള്‍ ഉടമകള്‍ തന്നെ സൂക്ഷിക്കണം. വില കൂടിയ കാറുകള്‍ ഉടമകള്‍ക്ക് തന്നെ വിട്ടു കൊടുക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. വാഹനങ്ങള്‍ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നോട്ടീസ് നല്‍കും. നിയമ നടപടികള്‍ അവസാനിക്കും വരെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഉടമകളെ നോട്ടീസ് നല്കി വിളിച്ചു വരുത്തും. നിയമ വിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടും.
പിടിച്ചെടുത്തത് ഒരു വാഹനം മാത്രമെന്ന് നടന് അമിത് ചക്കാലക്കല്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ തന്റേതായി പിടിച്ചെടുത്തത് ഒരു വാഹനം മാത്രമാണെന്ന് നടന് അമിത് ചക്കാലയ്ക്കല്‍. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂസര്‍ മാത്രമാണ് തന്റെ വാഹനം. മറ്റ് അഞ്ച് വാഹനങ്ങള്‍ ഗ്യാരേജില്‍ പണിക്കായി കൊണ്ടുവന്നതാണെന്ന് അമിത് പറഞ്ഞു. ഇക്കാര്യം കസ്റ്റംസിനോട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
വീട്ടില്‍ നിന്ന് രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അര്‍ധ രാത്രി മുഴുവന്‍ കസ്റ്റംസ് ചോദ്യം ചെയ്തു. ‘തന്റെ വാഹനത്തിന്റെ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് വാഹനങ്ങളുടെ ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ പത്ത് ദിവസം സമയം നല്‍കിയിരിക്കുകയാണ്. തന്റെ വാഹനം അഞ്ചു വര്‍ഷം മുമ്പ് വാങ്ങിയതാണ്. തന്റെ കൈവശമുള്ള രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ നവംബറിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും അമിത് പറഞ്ഞു.
- സ്വന്തം ലേഖിക