കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി കൊല്ലം കരുകോണ്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ മിടിക്കും. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ എറണാകുളം ലിസി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നിന്ന് പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലിയില്‍ നിന്നും ഹൃദയവുമായി തിരിച്ച വാഹനം പോലീസ് സഹായത്തോടെ കേവലം 20 മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തി.
ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയ പുറത്തത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 1.25 നാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പുലര്‍ച്ചെ 3.30 ന് ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയമാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് നല്‍കിയത്. കാലടി ആദി ശങ്കര എൻജിനീയറിംഗ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ബില്‍ജിത്തിന്റെ വൃക്കകള്‍, കണ്ണ്, ചെറുകുടല്‍, കരള്‍ എന്നിവയും ദാനം ചെയ്തു.
അങ്കമാലി – ആലുവ ദേശീയപാതയില്‍ കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ഒമ്പതു ദിവസമായി അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബില്‍ജിത്ത് കഴിഞ്ഞ ദിവസമാണു മരിച്ചത്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ബിജുവാണ് ബില്‍ജിത്തിന്റെ പിതാവ്. അമ്മ: ലിന്‍ഡ, സഹോദരന്: ബിവേല്.
ബിൽജിത്ത് ഇനി 13 കാരിയുടെ സ്പന്ദനം
കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
ആദ്യം തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലും പിന്നീട് എറണാകുളം ലിസി ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ലിസി ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. അനുയോജ്യമായ ഹൃദയം ലഭിക്കുന്ന മുറയ്ക്ക് വിവരം അറിയിക്കാമെന്ന് ഇവിടത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പണം സ്വരൂപിക്കാനുള്ള തിരക്കിലുമായിരുന്നു.
ഇതിനിടയിലാണു ഹൃദയശസ്ത്രക്രിയയ്ക്കുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഇന്നലെ ഉച്ചയോടെ അറിയിപ്പ് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എത്തിയത്. എയര്‍ ആംബുലന്‍സിന്റെ സഹായം തേടിയെങ്കിലും കിട്ടാതെ വന്നതോടെ ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്കു പോകാന്‍ കുടുംബം തീരുമാനിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ അടിയന്തര ഇടപെടലിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കും പെണ്‍കുട്ടിക്കുമായി വന്ദേഭാരത് എക്സ്പ്രസില്‍ യാത്രാസൗകര്യം ഒരുക്കിയത്.
ഇന്നലെ വൈകുന്നേരം 4.55ന് തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനില്‍ കയറിയും കുട്ടിയും രക്ഷിതാക്കളും രാത്രി ഏഴോടെ എറണാകുളത്ത് എത്തി. അവിടെനിന്ന് ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.