തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയില്‍ കുടുതല്‍ പേരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും. അനില്‍ പ്രസിഡന്റായ ഫാം ടൂര്‍ സൊസൈറ്റിയിലെ ജീവനക്കാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അനില്‍ കാര്യങ്ങള്‍ പങ്ക് വച്ച ബിജെപി നേതാക്കള്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിലവില്‍ പൂജപ്പുര പോലീസാണ് കേസ് അന്വേഷിക്കുന്നത്. സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അനില്‍ ആത്മഹത്യ ചെയ്തത്. അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വം പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതേ സമയം സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളം നല്കിയ വകയില്‍ ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചട്ടവിരുദ്ധമായി നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നല്കി.
ഇതിലുടെ പതിനാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഈ തുക സെക്രട്ടറിയില്‍ നിന്നും ഈടാക്കാമെന്നും കാട്ടി സഹകരണ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അനില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.