കൊച്ചി: സംസ്ഥാനത്ത് രക്തം ദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വര്‍ധിക്കുന്നു. വിവിധ ജില്ലകളില്‍ നിന്നായി നാല് പരാതികളാണ് രക്തദാനത്തിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പോല്‍ ബ്ലഡിലേക്ക് രേഖാമൂലം എത്തിയത്.
പണം നഷ്ടമായ 20 ല്‍ അധികം പേര് പോലീസിന് വിളിച്ച് വിവരം അറിയിച്ചിട്ടുണ്ടെങ്കിലും രേഖാമൂലം ഇതുവരെ പരാതി നല്‍കിയിട്ടില്ല. കുറഞ്ഞ തുക നഷ്ടമായ പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ മടിക്കുന്നതും തട്ടിപ്പ് സംഘത്തിന് സഹായകമാകുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്.
രക്തദാനം ചെയ്യാന്‍ ഡോണര്‍മാരെ എത്തിക്കാമെന്ന് വ്യാജവാഗ്ദാനം നല്കി രക്തം ആവശ്യമുള്ളവരില്‍നിന്ന് തുക മുന്‍കൂര്‍ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. രക്തമാവശ്യമുള്ളവര് സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു. ഇത്തരത്തില്‍ 200 രൂപ മുതല്‍ 2,000 രൂപ വരെ തട്ടിപ്പു സംഘങ്ങള്‍ കൈക്കലാക്കിയതായാണ് വിവരം.
പ്രതിഫലം വാങ്ങിയുള്ള രക്തദാനം 1998 ജനുവരി മുതല്‍ രാജ്യത്തു നിരോധിച്ചിട്ടുണ്ട്. പരാതികള്‍ ഏറിയതോടെ രക്തദാന രംഗത്ത് വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് [email protected] എന്ന ഇ- മെയില്‍ വിലാസത്തില്‍ പരാതികള്‍ അറിയിക്കാം.
- സീമ മോഹന്‍ലാല്‍