കേരളം കടുത്ത വരള്‍ച്ചയിലേക്കോ ? ഇത്തവണ മഴയില്‍ വന്‍കുറവുണ്ടാകും; സംസ്ഥാനത്തെ കാത്തിരിക്കുന്നത് ചെന്നൈയുടെ അവസ്ഥയോ ? സ്ഥിതിഗതികള്‍ ഇങ്ങനെ…

കഴിഞ്ഞ തവണ കേരളത്തെ മഴ വിഴുങ്ങിയപ്പോള്‍ ഇത്തവണ കാര്യങ്ങളുടെ പോക്ക് അതിനു നേര്‍വിപരീതമായാണ്. ഇത്തവണ മഴയില്‍ ശരാശരി 35% കുറവു വരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വരള്‍ച്ചയും കടുത്ത ശുദ്ധജലക്ഷാമവുമാണെന്ന് സൂചന ശക്തമാവുകയാണ്. സ്വകാര്യ കാലാവസ്ഥ ഗവേഷണ ഏജന്‍സികളുടെ ഉള്‍പ്പെടെയാണ് ഈ വിലയിരുത്തല്‍. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടു നിലനിന്നാല്‍ വരുംദിവസങ്ങളില്‍ മഴക്കുറവു നികത്താനാകും.

നിലവില്‍ അതിന്റെ സൂചനകളില്ലെന്നാണു കൊച്ചി റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. രണ്ടാഴ്ചയായി കാലവര്‍ഷത്തിന് അനുകൂല സാഹചര്യമില്ല. കാറ്റിനു പ്രതികൂല(ആന്റി സൈക്ലോണ്‍) സ്ഥിതി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ തെക്കു ഭാഗത്താണു മഴക്കുറവു കൂടുതല്‍. വടക്കന്‍ ജില്ലകളില്‍ ഇടയ്ക്കു മഴ പെയ്യുന്നുണ്ട്. ഇന്നലത്തെ കണക്കനുസരിച്ചു ജൂണ്‍ ഒന്നുമുതല്‍ ഈ സീസണില്‍ സാധാരണ ലഭിക്കേണ്ട മഴയില്‍ 44% കുറവാണു ലഭിച്ചത്.

ജില്ലകളില്‍ ഏറ്റവും കുറവ് ഇടുക്കിയിലാണ്- 58%. പത്തനംതിട്ടയിലും വയനാട്ടിലും-54, തൃശൂരില്‍- 52, എറണാകുളം-49, പാലക്കാട്- 32 ശതമാനവും കുറവു രേഖപ്പെടുത്തി. മധ്യകേരളത്തില്‍ ശരാശരി 43% മഴയാണു പെയ്തത്. തിരുവനന്തപുരത്തു 26 ശതമാനത്തിന്റെ കുറവുണ്ട്. ശതമാനക്കണക്കിനും അളവിനുമൊക്കെ ഉപരിയാണു മഴക്കുറവുകൊണ്ടുള്ള പ്രശ്‌നങ്ങളെന്നു കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മിക്കയിടത്തും ഭൂഗര്‍ഭ ജലത്തിന്റെ അളവു കുറഞ്ഞു.

കാലവര്‍ഷ കാറ്റിനു ശക്തി കുറഞ്ഞതാണ് ഇടുക്കിയിലും വയനാട്ടിലും സ്ഥിതി മോശമാക്കിയത്. കാറ്റ് മലകയറാത്ത സ്ഥിതിയാണ്. വയനാട്ടില്‍ വേനല്‍മഴ ശക്തമായതു ഗുണം ചെയ്തു. അടുത്തയാഴ്ചയോടെ മഴ സജീവമാകുമെന്നാണു വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതുവഴി മഴക്കുറവു നികത്താനാകും. കഴിഞ്ഞവര്‍ഷം മഴ കാര്യമായ ഇടവേളയില്ലാതെ പെയ്തു പ്രളയത്തിലെത്തിയെങ്കില്‍ ഇത്തവണ മഴ പെയ്യാനെടുക്കുന്ന ഇടവേളയാണ് പ്രശ്‌നമാകുന്നത്.

Related posts