ക്വാലാലംപുർ: മ്യാൻമറിൽനിന്നുള്ള കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മലേഷ്യയ്ക്കു സമീപം മുങ്ങി സ്ത്രീ ഉൾപ്പെടെ ഏഴുപേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു.
നിരവധിപ്പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ രോഹിംഗ്യകൾ അടക്കമുള്ളവരാണു ബോട്ടിലുണ്ടായിരുന്നത്. മ്യാൻമറിൽനിന്നു പുറപ്പെട്ട ബോട്ടിൽ മൂന്നൂറു പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. മലേഷ്യയിലെ ലാംഗ്കാവി ദ്വീപിനു സമീപം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ബോട്ട് മുങ്ങിയെന്നാണു സൂചന.
ഈ വർഷം ഇതുവരെ ഏകദേശം 5,200 റോഹിംഗ്യൻ അഭയാർഥികൾ കുടിയേറ്റത്തിനായി കടൽ യാത്രകൾ നടത്തിയിട്ടുണ്ടെന്നും 600ലേറെപ്പേരെ കാണാതാവുകയോ, മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

