ന്യൂഡൽഹി: ഇന്ധനനിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിന്റെ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കി എയർ ഇന്ത്യ. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ പരിശോധനകൾ പൂർത്തിയാക്കിയതായി വിമാനക്കന്പനി അറിയിച്ചത്. ഇതുവരെ തകരാറുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോയിംഗ് 787, 737 വിമാന സർവീസ് നടത്തുന്ന വിമാനക്കമ്പനികളോട് ഇന്ധന നിയന്ത്രണ സ്വിച്ച് സംവിധാനങ്ങൾ പരിശോധിക്കാൻ ഡിജിസിഎ നിർദേശം നൽകിയിരുന്നു.
അഹമ്മദാബാദിൽ തകർന്ന ബോയിംഗ് 787-8 ലെ രണ്ട് ഇന്ധന സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ “റൺ’ ൽ നിന്ന് “കട്ട്ഓഫ്’ ലേക്ക് മാറിയതായാണ് കണ്ടെത്തിയത്. ഇതു വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ അപകടത്തിൽപ്പെടാൻ കാരണമായി.