കീവ്: അമേരിക്കൻ തീരുവഭീഷണി വകവയ്ക്കാതെ യുക്രെയ്നിൽ ശക്തമായ ആക്രമണം തുടർന്ന് റഷ്യ. ഗ്ലൈഡ് ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചു നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്നു ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിമുഴക്കിയിരുന്നു.
തെക്കുകിഴക്കൻ സാപ്പോറീഷ മേഖലയിലെ ജയിലിലും മധ്യ യുക്രെയ്നിലെ നിപ്രോ മേഖലയിലെ ആശുപത്രിയിലും സിനെൽനികിവ്സ്കി ജില്ലയിലുമാണ് ആക്രമണമുണ്ടായത്. സാപ്പോറീഷയിൽ ഗ്ലൈഡ് ബോംബുകളാണ് റഷ്യ പ്രയോഗിച്ചത്. ആക്രമണത്തിൽ 17 തടവുകാർ കൊല്ലപ്പെട്ടു.
80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ തടവുകാരിൽ 42 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ഡൈനിംഗ് ഹാൾ തകർന്നു. അഡ്മിനിസ്ട്രേറ്റീവ്, ക്വാറന്റൈൻ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ തടവുകാർ ജയിലിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ടില്ല.
നിപ്രോയിൽ റഷ്യൻ മിസൈലുകൾ മൂന്നു നില കെട്ടിടവും രണ്ട് ആശുപത്രികെട്ടിടങ്ങളും തകർത്തു. ആക്രമണത്തിൽ ഗർഭിണിയുൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിനെൽനികിവ്സ്കി ജില്ലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
ആസൂത്രിതവും ബോധപൂർവവുമായ ആക്രമണമാണിതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി പറഞ്ഞു. യുദ്ധം 12 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയോടു ആവശ്യപ്പെട്ടു. നേരത്തേ 50 ദിവസത്തെ ഡെഡ്ലൈനാണ് പുടിന് ട്രംപ് നൽകിയിരുന്നത്.
പുടിന്റെ കാര്യത്തിൽ താൻ നിരാശനാണെന്നു ട്രംപ് വീണ്ടും പറഞ്ഞു. സ്കോട്ലൻഡ് സന്ദർശനത്തിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നടപടിയെ സെലൻസ്കി സ്വാഗതം ചെയ്തു. ഇതിനിടെ അമേരിക്കൻ അന്ത്യശാസനത്തിനെതിരേ റഷ്യ രംഗത്തുവന്നു.
റഷ്യ, ഇസ്രയേലോ ഇറാനോ അല്ലെന്ന് മുൻ പ്രസിഡന്റും സുരക്ഷാ കൗൺസിൽ ഉപമേധാവിയുമായ ദിമിത്രി മെദ്വദേവ് പറഞ്ഞു. യുക്രെയ്നെ പാശ്ചാത്യരാജ്യങ്ങൾ പിന്തുണച്ചാൽ നാറ്റോ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിപ്പിക്കാൻ കാരണമാകുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
74 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സാൽസ്ക് റെയിൽവെ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചരക്ക് ട്രെയിനു തീപിടിക്കുകയും പാസഞ്ചർ ട്രെയ്ന്റെ ജനൽചില്ലുകൾ തകരുകയും ചെയ്തു. ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചു. സാൽസ്ക് വഴിയുള്ള ട്രെയിൻ ഗതാഗതം റദ്ദാക്കി.