തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നു വ്യാപക അഴിമതിയും ക്രമക്കേടും നടത്തുന്നതായി കണ്ടെത്തി. ‘ഓപ്പറേഷൻ സെക്യുർ ലാൻഡ്’ എന്ന പേരിൽ ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 12 ലക്ഷത്തോളം രൂപയുടെ അഴിമതിയും ക്രമക്കേടുമാണു കണ്ടെത്തിയത്.
ഉദ്യോഗസ്ഥർക്കു കൈക്കൂലി പണവുമായി എത്തിയ 15 ഏജന്റുമാരിൽ നിന്ന് 1.46 ലക്ഷം രൂപ പിടിച്ചെടുത്തു. ഏഴു സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമിൽ ഒളിപ്പിച്ചുവച്ച കൈക്കൂലിപ്പണമായ 37,850 രൂപ കണ്ടെടുത്തു.
നാല് ഉദ്യോഗസ്ഥരിൽനിന്ന് കണക്കിൽപ്പെടാത്ത 15,190 രൂപ പിടിച്ചെടുത്തു. വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽനിന്ന് 9.65 ലക്ഷം രൂപ യുപിഐ വഴി കൈക്കൂലിയായി കൈപ്പറ്റിയതായും വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
കൈക്കൂലി ഗൂഗിൾ പേ വഴിയും
തിരുവനന്തപുരം കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥനിൽ നിന്ന് കണക്കിൽപ്പെടാത്ത 8,500 രൂപ പിടിച്ചെടുത്തു. കോന്നി സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് പണം കൈമാറാൻ എത്തിയ ഏജന്റിൽനിന്ന് 11,500 രൂപയും ഓഫീസിലെ റിക്കാർഡ് റൂമിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച 24,300 രൂപയും പിടിച്ചു.
പത്തനംതിട്ട സബ് രജിസ്ട്രാർ ഓഫീ സിലെ റിക്കാർഡ് റൂമിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത 6,500 രൂപ പിടിച്ചെടുത്തു. ചെങ്ങന്നൂരിൽ ആധാരമെഴുത്തുകാരന്റെ പക്കൽനിന്ന് 2000 രൂപ ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി കൈപ്പറ്റി.
ദേവികുളത്ത് ആധാരമെഴുത്തുകാരനിൽനിന്ന് 91,500 രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി കൈപ്പറ്റി. പീരുമേട്ടിലെ റിക്കാർഡ് റൂമിൽനിന്ന് 700 രൂപയും ഉടുന്പൻചോല ഓഫീസിലെ ആധാരമെഴുത്തുകാരനിൽനിന്ന് 15,000 രൂപ ഉദ്യോഗസ്ഥൻ ഗൂഗിൾ പേയായി കൈക്കൂലി കൈപ്പറ്റിയതായും കണ്ടെത്തി.
ആലുവ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി പണം കൈമാറാനെത്തിയ ഏജന്റിൽനിന്ന് 9,500 രൂപയും ഉദ്യോഗസ്ഥന്റെ പക്കൽനിന്നു കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തു.
കൊച്ചി സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി ആധാരമെഴുത്തുകാർ 18,800 രൂപയും തൃപ്പൂണിത്തുറയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 30,610 രൂപയും കൈക്കൂലിയായി അയച്ച് നൽകിയതും മിന്നൽ പരിശോധനയിൽ കണ്ടെത്തി.