പരവൂർ (കൊല്ലം): ബിഎസ്എൻഎൽ സേവനങ്ങൾ രാജ്യത്തെ എല്ലാ തപാൽ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അധികൃതരും ഇന്ത്യാ പോസ്റ്റ് ( ഡിഒപി ) അധികൃതരും തമ്മിൽ കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യയിൽ ഉടനീളം മൊബൈൽ കണക്ടിവിറ്റി വർധിപ്പിക്കാൻ ബിഎസ്എൻഎല്ലിനെ ഈ കരാർ സഹായിക്കും എന്നാണ് പ്രതീക്ഷ.
ധാരണ പ്രകാരം രാജ്യത്ത് ഉടനീളമുള്ള 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലൂടെ ബിഎസ്എൻഎല്ലിന്റെ സിം കാർഡുകളും മൊബൈൽ റീച്ചാർജ് സേവനങ്ങളും ലഭ്യമാകും. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തപാൽ വകുപ്പിന്റെ സാന്നിധ്യം ശക്തമായിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി വരുമാന വർധന അടക്കം പുതിയ കരാറിലൂടെ സാധ്യമാകുമെന്നാണ് ബിഎസ്എൻഎല്ലിന്റെ വിലയിരുത്തൽ. തപാൽ വകുപ്പിനും വരുമാന വർധന ഇതുവഴി ലഭിക്കും.
ഇപ്പോഴത്തെ സഹകരണത്തിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബിഎസ്എൻഎൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് വളരെ വേഗം ലഭിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും പിന്നാക്കം നിൽക്കുന്ന ഉൾപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അവരുടെ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസുകളിൽ എത്തി മൊബൈൽ സേവനങ്ങൾ സൗകര്യപ്രദമായി പ്രയോജനപ്പെടുത്താൻ ഇതുവഴി സാധിക്കും.
ബിഎസ്എൻഎല്ലിന്റെ സേവന കേന്ദ്രങ്ങളായി പോസ്റ്റ് ഓഫീസുകൾ മാറുന്നതോടെ ഡിജിറ്റൽ രംഗത്തും വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അധികൃതർ കരുതുന്നു.മൊബൈൽ സേവനങ്ങളിലൂടെ ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കാനും ഡിജിറ്റൽ ഇന്ത്യയുടെ വിശാലമായ ലക്ഷ്യങ്ങൾ ഫല പ്രാപ്തിയിൽ എത്തിക്കാനും കരാർ വഴി സാധിക്കുമെന്നാണ് ബിഎസ്എൻഎൽ അധികൃതർ പ്രതീക്ഷിക്കുന്നത്.
തപാൽ വകുപ്പുമായി സഹകരിച്ച് ബിഎസ്എൻഎൽ സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി പരീക്ഷണാർഥം നടപ്പിലാക്കിയത് ആസമിലാണ്. അത് പ്രതീക്ഷിച്ചിതലും അപ്പുറം വിജയം കൈവരിച്ച സാഹചര്യത്തിലാണ് രാജ്യവ്യാപകമായി വിപുലീകരിക്കാൻ ബിഎസ്എൻഎൽ അധികൃതരെ പ്രേരിപ്പിച്ചത്.
- എസ്.ആർ. സുധീർ കുമാർ