കോട്ടയം: ഒന്നോ ഒന്പതോ അല്ല നൂറിലേറെ തമിഴ് നാടോടി സ്ത്രീകളാണ് സംഘം ചേർന്നു ജില്ലയിൽ മോഷണത്തിനിറങ്ങിയിരിക്കുന്നതെന്ന് പോലീസ്. തിരുനാൾ, ഉത്സവ, സമ്മേളന സ്ഥലങ്ങളിൽ പോലീസ് ജാഗ്രത വർധിപ്പിക്കുകയും നിരീക്ഷണകാമറകൾ സ്ഥാപിക്കുകയും ചെയ്തതോടെ മോഷ്ടാക്കളായ സ്ത്രീകൾ ബസുകളിലും ബസ് സ്റ്റോപ്പുകളിലും ചുറ്റിത്തിരിയുകയാണ്.
തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ മോഷണം കുലത്തൊഴിലാക്കിയ സംഘമാണ് അതിവിദഗ്ധമായി പണവും ആഭരണവും മോഷ്ടിച്ചുവരുന്നത്. ജില്ലയിൽ ശരാശരി അഞ്ചു മോഷണക്കേസുകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നതായി പോലീസ്. വലിയതോതിൽ പണവും ആഭരണങ്ങളും നഷ്ടപ്പെടുന്നത് ജോലിക്കും ഷോപ്പിംഗിനും പോകുന്ന സ്ത്രീകളുടേതാണ്. ശന്പളം ലഭിക്കുന്ന മാസത്തിന്റെ ആദ്യദിവസങ്ങളിലാണു മോഷണക്കേസുകൾ കൂടുതലായിരിക്കുന്നത്.
അണിഞ്ഞൊരുങ്ങി നല്ല വേഷത്തിലാണ് ഇക്കാലത്ത് തമിഴ് സ്ത്രീകളുടെ വരവ്. ഇരയെ വീഴിക്കാൻ അൽപം മലയാളവും ഇവർ പഠിച്ചുവച്ചിരിക്കുന്നു.നിമിഷ നേരത്തിനുള്ളിൽ അനുകൂല സാഹചര്യമുണ്ടാക്കി കഴുത്തിലെ ആഭരണവും വാനിറ്റി ബാഗ് കീറി പണവും കവർന്ന് ഇവർ കൂട്ടുകക്ഷിക്ക് കൈമാറും. ബസിലാണെങ്കിൽ തൊട്ടടുത്ത സ്റ്റോപ്പുകളിലിറങ്ങി അടുത്ത ബസിൽ സ്ഥലം വിടും.
ഊരും പേരും വ്യാജം
തൊണ്ടിയക്കം നാട്ടുകാരോ ബസുകാരോ പിടികൂടിയാൽതന്നെ കൈകാര്യം ചെയ്യുക ദുഷ്കരം. തൊണ്ടി കൈയോടെ പിടിച്ചാലും ഏതൊക്കെ രീതിയിൽ ചോദ്യം ചെയ്താലും ഇവർ കുറ്റം ഏൽക്കില്ല. കൃത്യമായ വിലാസം പിടിയിലാകുന്ന ഒരാൾക്കും ഉണ്ടാവില്ല. അഥവാ നൽകുന്ന വിലാസം വ്യാജവുമായിരിക്കും.
ജയിലിൽ പാർപ്പിച്ചാൽ ആഴ്ചകൾക്കുള്ളിൽ ഇവരെ ജാമ്യത്തിൽ ഇറക്കാൻ സഹായികളും കണ്ണികളായി വക്കീൽമാരുമുണ്ടാകും. വിചാരണയ്ക്ക് കോടതി സമൻസ് പുറപ്പെടുവിച്ച് അത് എത്തിക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്താൽ ഇങ്ങനെയൊരാളെ മഷിയിട്ടു നോക്കിയാലും കണ്ടെത്താനാവില്ല.
ഊരും പേരും തിരിച്ചറിയൽ രേഖയും വ്യാജമായിരിക്കെ ഒരിക്കലും ജയിലിൽ അടയ്ക്കാനും പറ്റില്ല. കോട്ടയം ആലുംമൂട്ടിൽ സ്വകാര്യ ബസിൽ മോഷണം നടത്തി രണ്ടു സ്ത്രീകളുടെ അഞ്ചു പവൻ ആഭരണങ്ങൾ മോഷ്ടിച്ച രണ്ടു തമിഴ് യുവതികളെയും തിരുനക്കര സ്റ്റാൻഡിൽ പണം മോഷ്ടിച്ച ഇതേ സംഘത്തിലെ മറ്റൊരു സ്ത്രീയെയും ജയിലിൽ എത്തിച്ചെങ്കിലും അധികൃതരും പോലീസും വലഞ്ഞു.
ജയിൽ എത്തിച്ചശേഷം പ്രതികൾ ഉപവാസം പ്രഖ്യാപിച്ചു. ഭക്ഷണമോ വെള്ളമോ കുടിക്കാതെ ക്ഷീണം നടിച്ചു കിടന്ന ഇവരെ അധികൃതർ ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയരാക്കി. മോഷണത്തിൽ പിടിക്കപ്പെടുന്ന സ്ത്രീകൾ ഒരാഴ്ച വരെ ഭക്ഷണവും വെള്ളവുമില്ലാതെ കിടക്കുക പതിവാണത്രെ.
പോലീസ് ജാഗ്രതാപാഠം
-പണവും ആഭരണങ്ങളും ബാഗിൽ കൊണ്ടുപോകുന്പോൾ കൂടെ ഒരാളെക്കൂടി കരുതുക. ബസുകളിൽ ഒരുമിച്ചിരിക്കുക. കഴിവതും തിരക്കുള്ള ബസിൽ യാത്ര ഒഴിവാക്കുക. ശ്രദ്ധ മറ്റുകാര്യങ്ങളിൽ അകപ്പെട്ടുപോകരുത്.
-ഉത്സവം, പെരുന്നാൾ സ്ഥലങ്ങളിലും രാത്രി ആഘോഷവേളകളിലും കഴിവതും ആഭരണങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ കാര്യത്തിലും ജാഗ്രതയുണ്ടാകണം. നീളവും തൂക്കവുമുള്ള മാലകളാണു പലപ്പോഴും മോഷ്ടാക്കൾ കവരുന്നത്.
-ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും നാടോടികൾ കൃത്രിമമായ ഉന്തും തള്ളുമുണ്ടാക്കിയാണു മോഷണം നടത്തുന്നത്. ബസിൽ കയറുന്പോഴും ഇറങ്ങുന്പോഴും ബാഗും ആഭരണങ്ങളും സുരക്ഷിതമായി കരുതുക.
-ബസിൽ സീറ്റിനോടു ചേർന്നു നിൽക്കുന്ന പരിചിതരെ സൂക്ഷിക്കുക. ദേഹത്തേക്കു ചാഞ്ഞു നിൽക്കുന്ന സ്ത്രീകൾ പലപ്പോഴും മോഷ്ടാക്കളാകാം.
-പണവും ആഭരണങ്ങളുമായി ബസിലും ട്രെയിനിലും പകൽ യാത്ര ചെയ്യുന്പോൾ, അതു ചെറിയ ദൂരമാണെങ്കിൽ പോലും ഉറക്കം ഒഴിവാക്കുക. രാത്രി യാത്രയെങ്കിൽ കൂടെ ആളുണ്ടായിരിക്കുക.
-ബാഗിൽ പണവും ആഭരണവും കരുതേണ്ട സാഹചര്യത്തിൽ ബാഗിനുള്ളിൽ മറ്റൊരു ചെറിയ ബാഗിലായി ഇവ കരുതിയാൽ സുരക്ഷിതം.
-കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്പോൾ അമ്മമാർ കുഞ്ഞുങ്ങളെ കരുതലോടെ ശ്രദ്ധിക്കും. ഈ സാഹചര്യം മുതലെടുത്ത് ആഭരണവും പണവും കവരുക പതിവാണ്.
-ബാങ്കുകളുടെയും ട്രഷറികളുടെയും എടിഎമ്മുകളുടെയും മുന്നിൽ നാടോടി സ്ത്രീകൾ നിരീക്ഷണം നടത്തും. പുറത്തേക്കിറങ്ങുന്നവരെ നോട്ടമിട്ട് പിന്നാലെ നീങ്ങി മോഷണം നടത്തുക പതിവാണ്.
-ബാങ്കിൽനിന്നോ ട്രഷറിയിൽനിന്നോ പണവുമായി പോകുന്പോൾ ജാഗ്രതയുണ്ടാകണം. പറ്റുമെങ്കിൽ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുക.
-പണമോ ആഭരണമോ ബസിൽ നഷ്ടമായി എന്നു മനസിയാൽ ഉടൻ ബസ് ജീവനക്കാരെയോ പരിചയക്കാരെയും വിവരം അറിയിക്കുക. ഒട്ടും വൈകാതെ പോലീസിലും വിവരം അറിയിക്കുക.
സേഫ്റ്റിപിൻ സുരക്ഷ
പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം തടയാൻ പോലീസ് സേഫ്റ്റിപിന്നും ജാഗ്രതാനിർദേശവുമായി എത്തുന്നു. നെടുംകുന്നം പെരുന്നാളിലും കുമാരനല്ലൂർ കാർത്തിക വിളക്കിനും സ്ത്രീകൾക്ക് സ്റ്റുഡന്റ് പോലീസിന്റെ സഹകരണത്തോടെ ഓരോ സേഫ്റ്റി പിൻ നൽകി. മാല വസ്ത്രത്തിൽ കൊളുത്തി സുരക്ഷിതമാക്കാനുള്ള പോലീസ് നിർദേശത്തോട് ഏറെപ്പേരും സഹകരിച്ചതിനാൽ മോഷ്ടാക്കൾ തോറ്റു.
ആഭരണം അപഹരിച്ചാലും ഒരു ഭാഗം സേഫ്റ്റിപിന്നിൽ അവശേഷിക്കുമല്ലോ എന്നതാണ് പോലീസ് ഭാഷ്യം. ഇത്രയേറെ മോഷണങ്ങൾ പതിവായിട്ടും സേഫ്റ്റിപിൻ സുരക്ഷയോടു സഹകരിക്കാത്തവരുമുണ്ടെന്നു വനിതാ പോലീസ് പറയുന്നു. വിരലുകൾക്കിടയിൽ ഒതുക്കി വയ്ക്കാവുന്ന ചെറിയ ചവണ (പ്ലക്കർ) ഉപയോഗിച്ചാണു ചില നാടോടികൾ ആഭരണം മുറിച്ചെടുക്കുന്നത്. വിരലുകളിൽ ബ്ലേഡ് ഒതുക്കിവച്ചും വിദഗ്ധമായി ബാഗ് കീറിമാറ്റാനും ഇവർക്കു പറ്റും.